ഹൈദരാബാദ്: ഇന്ത്യൻ കായികരംഗത്തെ കുലീനവ്യക്തിത്വങ്ങളിലൊന്നാണ് ലോകചാമ്പ്യൻഷിപ്പ് ജേത്രിയായ ബാഡ്മിന്റൺ താരം പി.വി. സിന്ധു. മാന്യമായി പെരുമാറുന്ന, എളിമയുള്ള പെൺകുട്ടി. ഹൃദയഭേദകമായ തോൽവികളിൽപ്പോലും ശാന്തത കൈവിടാത്തവൾ. എന്നാൽ, കൊറിയക്കാരിയായ മുൻകോച്ച് കിം ജി ഹ്യുൻ സിന്ധുവിനെതിരേ നടത്തിയ പരാമർശത്തിന്റെ വേദനയിലാണിപ്പോൾ അവരുടെ കുടുംബവും സുഹൃത്തുക്കളും ആരാധകരും. കൊറിയൻ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സിന്ധുവിനെ ഹൃദയശൂന്യ എന്നാണ് കിം വിശേഷിപ്പിച്ചത്. കിം പറഞ്ഞത് ഇങ്ങനെ: സിന്ധുവിനെ വ്യക്തിപരമായി ഞാൻ ഒരുപാട് പരിശീലിപ്പിച്ചിട്ടുണ്ട്. അവൾ കരുത്തയാണ്. പക്ഷേ, സാമർഥ്യം കുറവ്. അവരുടെ പഴയ കളികൾ കണ്ടു. തിരുത്തലുകൾ നിർദേശിച്ചു. അത് ഫലിച്ചു. മത്സരങ്ങൾ ജയിക്കാൻ തുടങ്ങി. സിന്ധു എന്നിൽ വിശ്വസിച്ചുതുടങ്ങി. ലോകചാമ്പ്യൻഷിപ്പിന് പോകുംമുമ്പ് ഞാൻ അസുഖംവന്ന് അവശയായി. ആശുപത്രിയിൽപ്പോയി കുത്തിവെപ്പ് എടുത്തുകൊണ്ടിരുന്നു. പക്ഷേ, ആരും കാണാൻവന്നില്ല. സിന്ധു ഒരിക്കൽ വിളിച്ചു. എന്നാണ് കോച്ചിങ്ങിനായി തിരികെവരിക എന്ന് തിരക്കി. അസുഖത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അവർ ഹൃദയശൂന്യയാണെന്നുതോന്നി. പരിശീലനത്തിന് മാത്രമേ അവർക്ക് എന്നെ വേണ്ടൂ. ലോകചാമ്പ്യൻഷിപ്പിന് ഞങ്ങൾ ഒരുമിച്ചാണ് പോയത്. സിന്ധു കിരീടം നേടി. ഒരുമിച്ച് മടങ്ങാമെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ, താൻ തനിച്ചാണ് നാട്ടിലേക്ക് പോകുന്നതെന്ന് സിന്ധു പറഞ്ഞു. അതെന്താ അങ്ങനെ എന്ന് ഞാൻ ചോദിച്ചു. തനിക്ക് സമ്മാനങ്ങൾ സ്വീകരിക്കാനുണ്ടെന്ന് മറുപടി. ജയിച്ചശേഷം എന്നെ ഒഴിവാക്കുകയാണല്ലേ എന്ന് ഞാൻ കളിയോടെ പറഞ്ഞു. അങ്ങനെയല്ലെന്ന് സിന്ധു. അന്ന് ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ സിന്ധുവിന്റെ അവാർഡ് സെറിമണി എനിക്ക് കാണാനാവുമായിരുന്നില്ല. വേദനയോടെ രമണ ഈ പരാമർശങ്ങൾക്കെതിരേ ആദ്യം രംഗത്തുവന്നത് സിന്ധുവിന്റെ അച്ഛൻ രമണയാണ്. കിമ്മിന് അസുഖമാണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് രമണ വ്യക്തമാക്കി. അറിഞ്ഞിരുന്നെങ്കിൽ സിന്ധു ആശുപത്രിയിൽ ഓടിയെത്തുമായിരുന്നു. കിമ്മിനെ പരിശീലനത്തിന് കാണാത്തപ്പോൾ സിന്ധു വിളിച്ചുചോദിച്ചു. ലോകചാമ്പ്യൻഷിപ്പ് വിജയത്തിൽ കിമ്മിന് സിന്ധു ക്രെഡിറ്റ് നൽകിയതാണ്. എല്ലാ വേദികളിലും അത് പറഞ്ഞു. എന്നിട്ടും കിം ഇങ്ങനെയൊക്കെ പറഞ്ഞത് വേദനിപ്പിക്കുന്നു - രമണ പറഞ്ഞു. ലോകചാമ്പ്യൻഷിപ്പിന് മുമ്പുള്ള എട്ടോ ഒമ്പതോ ദിവസങ്ങൾ കിം പരിശീലിപ്പിക്കാൻ വന്നിരുന്നില്ലെന്ന് ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലെ ഒരു കോച്ച് പറഞ്ഞു. ചാമ്പ്യൻഷിപ്പ് വേദിയായ ബാസെലിലേക്ക് പോകാൻ അവർ നേരേ വിമാനത്താവളത്തിലെത്തി. ലോകചാമ്പ്യൻഷിപ്പിനുശേഷം കിം പൊടുന്നനെ നാട്ടിലേക്ക് മടങ്ങി. ഭർത്താവിന് പക്ഷാഘാതം വന്നെന്നും ശുശ്രൂഷിക്കാൻ പോവുകയാണെന്നുമാണ് പറഞ്ഞത്. ഭർത്താവിന്റെ അസുഖം പെട്ടെന്നൊന്നും മാറില്ലെന്നും ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, നാലുമാസംമുമ്പ് കിം തയ്വാനിലെ ഒരു ക്ലബ്ബിൽ ചേർന്നു. Content Highlights:Korean Coach Kim Ji Hyun Calls PV Sindhu Heartless
from mathrubhumi.latestnews.rssfeed https://ift.tt/2PSPSdu
via
IFTTT