തിരൂർ: ശരീരം തളർന്നയുടനെ രോഗിയെ ജീവൻ രക്ഷിക്കാൻ കോട്ടയ്ക്കലിലേക്ക് കൊണ്ടുപോയ ആംബുലൻസിനെ രണ്ടര കിലോമീറ്റർ വഴിമുടക്കിയതായും രോഗി മരിച്ചതായും പരാതി. തിരൂർ മിഷൻ ആശുപത്രിയിൽനിന്ന് കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായിപോയ ആംബുലൻസിന്റെ വഴിയാണ് തിരൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആലിൻ ചുവടുവരെ കാർ ഡ്രൈവർ മുടക്കിയത്. 15 മിനിറ്റുകൊണ്ട് കോട്ടയ്ക്കൽ എത്തേണ്ട ആംബുലൻസ് അര മണിക്കൂർ കൊണ്ടാണ് കോട്ടയ്ക്കലിലെത്തിയത്. ആശുപത്രിയിലെത്തി അരമണിക്കൂർകൊണ്ട് രോഗി മരിക്കുകയുംചെയ്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരം റോഡ് സ്വദേശിനി ആയിഷുമ്മു (47) വാണ് മരണപ്പെട്ടത്. വഴിയിൽവെച്ച് പലതവണ ആംബുലൻസ് മറികടന്നു പോകാൻ ശ്രമിച്ചെങ്കിലും കാർ വഴിമുടക്കിത്തന്നെ പോകുകയായിരുന്നുവെന്നും ഒരുപക്ഷേ തടസ്സമില്ലാതെ പോകാൻ കഴിഞ്ഞുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ആംബുലൻസ് ഡ്രൈവർ മുസ്തഫ പറഞ്ഞു. വഴിമുടക്കിയ കാർഡ്രൈവറെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആംബുലൻസ്ഡ്രൈവർ തിരൂർ പോലീസിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. Content Highlights:ambulance blocked by car
from mathrubhumi.latestnews.rssfeed https://ift.tt/2si0FVD
via
IFTTT