തിരുവനന്തപുരം: നാലുപേർ കൊല്ലപ്പെട്ടതൊന്നും പിറവം അഞ്ചൽപ്പെട്ടി സെയ്ന്റ് മേരീസ് യു.പി. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായ കൃഷ്ണയ്ക്കറിയില്ല. തന്റെ വലതുകണ്ണിന്റെ നോവുമാറ്റാൻ ദൈവനിയോഗം ഏറ്റെടുത്തപോലെ സഹായത്തിനെത്തിയ ഒരു മനുഷ്യനെക്കുറിച്ച് അച്ഛൻ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്. ആ പേര് പോലീസ് കമ്മിഷണർ വി.സി. സജ്ജനാരെന്നാണ്. മൂന്നുമാസം പ്രായമായപ്പോൾ നീറ്റിത്തുടങ്ങിയതാണ് പിറവം കാക്കൂരിലെ വേലപ്ലാക്കിൽ ബൈജുവിന്റെ മകളായ കൃഷ്ണയുടെ വലതുകണ്ണ്. കാൻസർ ബാധിച്ചതായിരുന്നു. സെക്കന്തരാബാദ് അപ്പോളോ ആശുപത്രിയിൽ വിദഗ്ധചികിത്സവേണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു. ബൈജുവിന്റെ മുമ്പിൽ പണം വഴിമുടക്കിനിന്നു. നാട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ ഇക്കാര്യം വന്നപ്പോൾ അതിൽ അംഗമായിരുന്ന അന്നത്തെ എറണാകുളം ഐ.ജി. എസ്. ശ്രീജിത്ത് ബൈജുവിനെ വിളിച്ചു: ‘അവിടെ സജ്ജനാരെന്ന പോലീസ് ഓഫീസറുണ്ട്. നിങ്ങളെ സഹായിക്കും’ എന്നുപറഞ്ഞു. ‘നിങ്ങൾ വന്നോളൂ, ഞാൻ സഹായിക്കാം’ -ഐ.ജി. നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഇത്രയേ സജ്ജനാർ പറഞ്ഞുള്ളൂ. സെക്കന്തരാബാദിൽ തീവണ്ടി ഇറങ്ങുമ്പോൾ കാറും ഡ്രൈവറും മലയാളിയായ സഹായിയും ബൈജുവിനെയും കൃഷ്ണയെയും കാത്ത് അവിടെയുണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിലേക്കുപോകുമ്പോൾ വഴിയിൽ ഒരു ഹോട്ടലിലിനുമുമ്പിൽ കാർ നിർത്തി. ‘ഭക്ഷണം വാങ്ങിത്തരാൻ സാർ പറഞ്ഞിട്ടുണ്ട്’ - സഹായത്തിനെത്തിയ മലയാളി പറഞ്ഞു. ആ വലിയ ഹോട്ടലിൽ കയറാൻതന്നെ പേടി തോന്നിയെന്ന് ബൈജു പറഞ്ഞു. അതിനാൽ ഭക്ഷണം കഴിച്ചെന്ന് പറഞ്ഞു. ആശുപത്രിയിൽ ഡോക്ടറെ വിളിച്ച് കാര്യം വിശദീകരിച്ചതും സജ്ജനാരായിരുന്നു. ചികിത്സ പരമാവധി സൗജന്യമാക്കി. ബാക്കി പണം നൽകാൻ അവിടെയുള്ള ചാരിറ്റിസംഘടനയെ ഏൽപ്പിച്ചു. ആശുപത്രിയിൽനിന്ന് മടങ്ങുന്നതുവരെ ഒരിക്കൽപോലും അദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ, അദൃശ്യമായി ഓരോ കാര്യത്തിനും സഹായിക്കാൻ ആ മനുഷ്യനുണ്ടായിരുന്നെന്ന് ബൈജു പറഞ്ഞു. ഒരുവർഷം മുമ്പായിരുന്നു ഇത്. കൃഷ്ണയുടെ വലതുകണ്ണിന് ഇപ്പോൾ കാഴ്ചയില്ല. എങ്കിലും, നോവില്ലാത്ത കണ്ണുമായി അവൾ നിറഞ്ഞുചിരിക്കുന്നു. അതുണ്ടാക്കുന്ന സന്തോഷമാണ് ബൈജുവിന്റെ മനസ്സുനിറയെ. ഹൈദരാബാദിലെ വി.സി. സജ്ജനാരെന്ന പോലീസ് കമ്മിഷണറുടെ പേര് ദേശീയ വാർത്തകളിൽ ഇടംപിടിക്കുമ്പോൾ, ഒരു പെൺകുട്ടിയോടുള്ള കരുതൽ ആവോളം നൽകിയ ഒരു മനുഷ്യന്റെ പേരാണ് ബൈജുവിന് സജ്ജനാർ എന്നത്. ഒരു വിളിക്കപ്പുറംകുറഞ്ഞ വാക്കും കൃത്യമായ ഇടപെടലും-അതാണ് സജ്ജനാരെന്ന പോലീസ് ഓഫീസറുടെ രീതിയെന്ന് അദ്ദേഹത്തിന്റെ ബാച്ചിലെ ഐ.പി.എസ്. ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് പറഞ്ഞു. തീവ്രവാദക്കേസിലടക്കം കേരളപോലീസിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനത്തും പോലീസിൽ ഈ സഹകരണമുണ്ട്. എന്നാൽ, ഒരു വിളിക്കപ്പുറം വീണ്ടും വീണ്ടും ഓർമപ്പെടുത്തലുകൾ ആവശ്യമില്ലാതെ സഹായം ഉറപ്പാക്കുമെന്നതാണ് സജ്ജനാരിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2DRqe24
via
IFTTT