Breaking

Tuesday, December 3, 2019

നിങ്ങള്‍ വിളിക്കുന്ന ഉപഭോക്താവ് റീച്ചാര്‍ജ് ചെയ്യാനാകാതെ പെട്ടിരിക്കുകയാണ്...

തൃശ്ശൂർ: നിങ്ങൾ വിളിക്കുന്ന ഉപഭോക്താവ് റീച്ചാർജ് ചെയ്യാൻ പണമില്ലാതെ കഷ്ടപ്പെടുകയാണ്... എന്നു കേൾക്കേണ്ടിവരുമോ? നൂറുശതമാനമോ ഇരുനൂറുശതമാനമോ മൊബൈൽ കോൾനിരക്ക് ഉയരുന്ന കാലം വിദൂരമല്ല. ഇപ്പോൾ ഒറ്റയടിക്ക് കൂട്ടിയിരിക്കുന്ന 40 ശതമാനമെന്നത് തുടക്കം മാത്രമാണ്. ഏറ്റവും കുറവ് മൊബൈൽ കോൾനിരക്കുള്ള രാജ്യം എന്നതിൽനിന്ന് ഏറ്റവും ഉയർന്ന നിരക്കിലേക്ക് മാറിയാൽ അദ്ഭുതപ്പെടേണ്ടതില്ല.കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ട് മൊബൈൽ എന്നതും കോളും നെറ്റും സൗജന്യമെന്നതും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ നിരക്കുവർധന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും. പോക്കറ്റ് ചോരുന്നത് അറിയില്ല. ഏറ്റവും അധികം പ്രശ്നം വിദ്യാർഥികൾക്ക് ആയിരിക്കും.കോൾനിരക്കും ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഡേറ്റയും കോംബോ ഓഫറുകളായാണ് എല്ലാ കമ്പനികളും നൽകുന്നത്. കോൾനിരക്കിനൊപ്പം ഡേറ്റാനിരക്കും അറിയാതെ വർധിക്കും. ക്ലാസ് നോട്ടുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയൊക്കെ ഇപ്പോൾ സൗജന്യമായി ഉപയോഗിക്കുന്ന വിദ്യാർഥികൾ കഷ്ടപ്പെടും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ മൊബൈൽ കോൾനിരക്ക് വർധന എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയുന്നു. മൊബൈൽ ഫോൺ പോലെത്തന്നെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇന്റർനെറ്റ് മാറിക്കഴിഞ്ഞു. പഠനാവശ്യങ്ങൾക്കും വാർത്തകൾ അറിയാനുമെല്ലാം ഇപ്പോൾ സാധാരണ ഉപയോഗിക്കുന്നത് മൊബൈൽ നെറ്റ് ആണ്. ഒരുമാസം ഒരു ജി.ബി. എന്നുള്ള ഓഫറിലാണ് ചാർജ് ചെയ്യാറ്. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ട്യൂഷനെടുക്കുന്നതിനാൽ നെറ്റ് ഉപയോഗത്തിനുള്ള പണം അതിൽനിന്നാണ് കണ്ടെത്തുന്നത്. ഇസ്മെയിൽ ടി.എ., എം.എസ്സി. ഫിസിക്സ്, അവസാന വർഷം, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട പഠനത്തിന്റെ ഭാഗമായാണ് കൂടുതൽ നെറ്റ് ഉപയോഗിക്കുന്നത്. മാസത്തിൽ ഒരു ജി.ബി. ഉപയോഗിക്കുന്നുണ്ട്. ചിലസമയങ്ങളിൽ കൂടുതൽ ജി.ബി. ആവശ്യം വരും. ഇന്റർനെറ്റ് ഫോർജി ആയിട്ടും പലപ്പോഴും നെറ്റും ഫോണും ഇടയ്ക്കിടയ്ക്ക് കട്ടാവുകയാണ്. വീട്ടിൽനിന്നു തരുന്ന പോക്കറ്റ് മണിയിൽനിന്നാണ് നെറ്റ് ചാർജ് ചെയ്യുന്നത്. ചാർജ് കൂട്ടുന്നത് വലിയ ബുദ്ധിമുട്ടാകും, പ്രത്യേകിച്ച് ഞങ്ങളെപ്പോലുള്ള വിദ്യാർഥികൾക്ക്. ജോസ്മിൻ ജോസ്, ബി.എ. മലയാളം, ആറാം സെമസ്റ്റർ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ കേൾക്കാനും കാണാനുമാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നത്. കൂട്ടുകാരുമായി ചേർന്ന് വാട്സാപ് വഴിയുള്ള പഠനവും ഫോണിലൂടെയാണ്. കൂടുതൽ ഡേറ്റ ഇതിന് ഉപയോഗിക്കേണ്ടിവരുന്നുണ്ട്. നിരക്ക് കുറഞ്ഞതോടെയാണ് ഈ രീതിയിൽ തുടങ്ങിയത്. 198 രൂപയ്ക്ക് 28 ദിവസത്തേക്ക് അൺലിമിറ്റഡായി വിളിക്കാനുള്ള സൗകര്യവും 1.5 ജി.ബി. ഡേറ്റയും സൗജന്യമായി നൽകിയിരുന്നു. വീട്ടമ്മമാരായ ഉദ്യോഗാർഥികൾക്ക് ഇത് ഏറെ പ്രയോജനമായിരുന്നു. വീട്ടിലെ പണികൾക്കൊപ്പം പഠനവും നടക്കുമായിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ ചാർജ് ചെയ്തില്ലെങ്കിൽ നമ്പർ കട്ട് ചെയ്യുന്നതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അയന ഷിബു,ഉദ്യോഗാർഥി, പി.എസ്.സി കോച്ചിങ്ങിന്,പോകുന്നു, നമ്പഴിക്കാട്, മറ്റം ഞാൻ ഉൾപ്പെടെ 50-60 തൊഴിലാളികൾ പോകുന്ന വള്ളത്തിൽ എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. കടലിൽ പോകുന്നവരും അവരുടെ വീട്ടുകാരും പരസ്പരം ബന്ധപ്പെടുന്നതിന് ഏകമാർഗമാണ് മൊബൈൽ. അതിനാൽ മൊബൈൽ ഫോൺ ഞങ്ങൾക്ക് അവശ്യവസ്തുവാണ്. കടലിലെ പ്രശ്നങ്ങൾ കരയിലേക്ക് വിളിച്ചറിയിക്കാനും വീട്ടുകാരുടെ ആധിയകറ്റാനും ഫോൺ ഇല്ലാതെ പറ്റില്ല. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയില്ലെങ്കിലും മൊബൈൽ റീചാർജ് ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. മൊബൈൽനിരക്ക് വർധന സാരമായി ബാധിക്കുന്നുണ്ടെങ്കിലും ഫോൺ ഒഴിവാക്കാനാവില്ലെന്നതാണ് സ്ഥിതി. കടം വാങ്ങി ഫോൺ റീചാർജ് ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ നിരവധിയാണ്. എന്നോട് കടം വാങ്ങി മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന തൊഴിലാളികളുണ്ട്. മാസം 200 രൂപയെങ്കിലും ഇതിനായി മാറ്റിവെയ്ക്കുന്നവരാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും. ചോഴിരകത്ത് വാസു,അപ്പുമാർ വള്ളത്തിന്റെ ഉടമ, മുനയ്ക്കക്കടവ്,ചാവക്കാട് പി.ജി. കോഴ്സ് പഠിക്കുന്നതിനാൽ ഇന്റർനെറ്റ് സംവിധാനം പഠനമെറ്റീരിയൽസ് ഡൗൺലോഡ് ചെയ്തെടുക്കുന്നതിന് ആവശ്യമായിവരും. 130 രൂപയുടെ പ്രീപെയ്ഡ് ചാർജാണ് ചെയ്യാറ്. വീട്ടുകാരാണ് പണം തരുന്നത്. വിളികളേക്കാൾ കൂടുതൽ നെറ്റിന്റെ ഉപയോഗമാണ്. ഇനി എല്ലാം അവതാളത്തിലാകും. വർധന വരുത്താത്ത നെറ്റ്വർക്കിലേക്ക് മാറാൻ ശ്രമിക്കുകയാണ്. നാദിയ, എം.എ. പൊളിറ്റിക്കൽ സയൻസ്,രണ്ടാംവർഷ വിദ്യാർഥി, പനമ്പിള്ളി സ്മാരക സർക്കാർ കോളേജ്, ചാലക്കുടി എല്ലാം സൗജന്യം എന്നു പറഞ്ഞ് ഓരോ കമ്പനിയും പുതിയ കണക്ഷൻ എടുപ്പിക്കും. പിന്നീട് നിരക്ക് അന്യായമായി കൂട്ടുക. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയും മൊബൈൽ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതുമാണ്. രണ്ട് കണക്ഷനുകൾ ഉപയോഗിക്കുന്നു. റീചാർജിന് 700 രൂപ വരാറുണ്ട്. സ്മിത ബിനോയ്,ഫാഷൻ ഹൗസ് ഉടമ, ഗുരുവായൂർ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ അറിയാനും സന്ദേശങ്ങൾ കൈമാറാനുമാണ് പ്രധാനമായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. യു ട്യൂബിലും മറ്റുമുള്ള സിനിമകൾ കാണാനും ഡേറ്റ കൂടുതൽ ലഭിച്ചിരുന്നത് സഹായിക്കുമായിരുന്നു. സൗജന്യമായിരുന്ന കാലത്ത് ഓൺലൈൻ രീതിയിൽ മൊബൈൽ ഫോണിനെ കൂടുതൽ ഉപയോഗിക്കുന്ന ശീലം വർധിച്ചു. ചാർജ് കൂട്ടുന്നതോടെ വീണ്ടും നിയന്ത്രണത്തിലേക്ക് കൊണ്ടുവരേണ്ട സ്ഥിതിയാണ്. അത് എത്രമാത്രം സാധിക്കുമെന്ന് അറിയില്ല. പുതിയ പ്ലാൻ വരുമ്പോൾ കുറഞ്ഞ നിരക്കിലുള്ളതുമായി മുന്നോട്ടുപോകണം. വി. പ്രവീൺ,അക്കൗണ്ടന്റ്, കുന്നംകുളം ഇന്റർനെറ്റ് ഉപയോഗവും ഫോൺവിളിയും ഉള്ളതിനാൽ 74 ദിവസം കാലാവധിയുള്ള 399 രൂപയുടെ പ്ളാൻ ആണ് ചാർജ് ചെയ്യുന്നത്. നിലവിൽ അതിരപ്പിള്ളി മേഖലയിൽ മൊബൈൽ ഫോൺ മിക്ക നെറ്റ്വർക്കിലും റേഞ്ച് പ്ലോബ്ലം വളരെ കൂടുതലാണ്. ഇന്റർനെറ്റ് സ്ലോ ആണ്. കാൾ ചാർജ് കൂടിക്കഴിഞ്ഞാൽ മികച്ച നെറ്റ്വർക്കും സേവനങ്ങളും ലഭിക്കുന്ന നെറ്റ്വർക്കിലേക്ക് മാറും. നിതീഷ് ചെഞ്ചേരി,അതിരപ്പിള്ളി വനസംരക്ഷണസമിതി അംഗം പൈസ നോക്കാതെ എല്ലാവരെയും വിളിക്കുന്ന ആനവിളി ഇനി നിർത്തി. വീട്ടിൽ എല്ലാവർക്കുമായി മൂന്ന് സിമ്മുകൾ ഉണ്ട്. മാസം ചുരുങ്ങിയത് 700 രൂപ വേണം. അതൊക്കെ ഇനി കുറയ്ക്കണം. സീനിയർ ആനപ്പാപ്പാൻ രാഘവൻ, ഗുരുവായൂർ ആനക്കോട്ട കോളേജ് യൂണിയൻ പ്രതിനിധിയെന്ന നിലയിൽ കൂടുതലും കൂട്ടുകാരുടെ വിളികളാണെത്തുന്നത്. പലരെയും തിരിച്ചും വിളിക്കേണ്ടിവരും. നെറ്റ് ചാർജ് ഇരട്ടിയോളം വർധിക്കുന്നതോടെ ബജറ്റുതന്നെ അവതാളത്തിലാകും. രക്ഷിതാക്കളാണ് റീചാർജിനുള്ള തുക തരുന്നത്. 90 ദിവസത്തേക്കുള്ള സ്കീമിലാണ് റീചാർജ് ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ നിരക്ക് അടയ്ക്കുവാൻ പറ്റുമോ എന്ന ആശങ്കയുണ്ട്. അസ്ന അഷറഫ്, വൈസ് ചെയർമാൻ, പനമ്പിള്ളി സർക്കാർ കോളേജ്, ചാലക്കുടി മൂന്നുപേർ ചേർന്ന് മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളത്തിലെ തൊഴിലാളിയാണ് ഞാൻ. പലപ്പോഴും മീനൊന്നുമില്ലാതെ വെറുംകൈയോടെ മടങ്ങേണ്ടിവരും. എങ്കിലും ഞങ്ങളുടെ മൊബൈൽ ഫോണുകൾ റീച്ചാർജ് ചെയ്യാൻ മറക്കാറില്ല. കാരണം കടലിൽ പോകുമ്പോൾ മൊബൈൽ ഇല്ലാതെ പറ്റില്ല. റേഞ്ച് പലപ്പോഴും കിട്ടാത്ത പ്രശ്നമുണ്ട്. മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നതിനനുസരിച്ച് റേഞ്ച്ലഭ്യത കൂട്ടാൻ ശ്രമം നടത്തുന്നില്ല. ന്യൂനമർദം അറബിക്കടലിൽ പതിവായപ്പോൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുകളും പതിവായി. ഈ ദിവസങ്ങളിലൊക്കെ പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണ്. ഞങ്ങളുടെ ജോലിക്ക് മൊബൈൽ ഫോൺ ഒഴിവാക്കാനാവില്ല. പുതുവീട്ടിൽ മുനീർ, ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളി, മുനയ്ക്കക്കടവ് Content Highlights:indian telecom companies like vodafone idea limited, Bharati airtel, Reliance jioincreased tariff rates


from mathrubhumi.latestnews.rssfeed https://ift.tt/3809jYS
via IFTTT