ഭോപ്പാൽ: ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ പോലീസിനെ സമീപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ബിജെപി എംപി ഭോപ്പാലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സംഭവത്തിൽ എംപിയുമായി ചർച്ച നടത്തുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഗോഡ്സെ അനുകൂല പ്രസ്താവനയെ തുടർന്നാണ് കോൺഗ്രസ് എംഎൽഎ ഗോവർധൻ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ഗോവർധൻ ധാംഗിയുടെ പരാമർശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു. എന്നാൽ കോൺഗ്രസ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പ്രജ്ഞാ സിങ് ഠാക്കൂർ കമലനെഹ്റു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്. അതേസമയം, എംപിയുടെ പരാതിയിൽ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രജ്ഞാ സിങ്ങുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹുവിന്റെ പ്രതികരണം. എംപിയുടെ പരാതിയിൽ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന. Content Highlights:pragya singh thakur approached police station,she demands book case against congress mla over threat
from mathrubhumi.latestnews.rssfeed https://ift.tt/36eO7wA
via
IFTTT