കോഴിക്കോട്:ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടി ശക്തമാകുന്നതിനിടയിലും ബസുകളിലെ സാഹസിക ആഘോഷങ്ങൾതുടർക്കഥയാവുകയാണ്.പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബസിന്റെ മുകളിൽ കയറിനിന്ന് പടക്കവും പൂത്തിരിയും മറ്റും കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് ബസിന് മുകളിൽവെച്ച് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുംഅപകടകരമായ രീതിയിൽ പിറന്നാൾ ആഘോഷം നടത്തിയത്. സ്കൂളിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രമധ്യേ ഡിസംബർ ഒന്നാം തീയതിയാണ് ഈ വഴിവിട്ട ആഘോഷം അരങ്ങേറിയത്. അതേസമയം, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ നിയമലംഘനങ്ങളുടെ കൂത്തരങ്ങാകുകയാണെന്ന് ഗതാഗതമന്ത്രി എം.കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. നിയമാനുസൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ല. എന്നാൽ, തങ്ങൾക്ക് ആരേയും ഭയമില്ലെന്ന കാഴ്ചപ്പാടാണ് ചിലർക്കുള്ളത്. ഇത് അനുവദിച്ച് നൽകാൻകഴിയില്ലെന്നും മന്ത്രി അറിയിച്ചു. താമരശ്ശേരിയിൽ നിന്നും വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസിനുമുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അപകടം വിളിച്ചുവരുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതുകൊണ്ട് പരിശോധന ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ചില സംഘടനകൾ പരിശോധനയോട് സഹകരിക്കുന്നുണ്ടെങ്കിലും ചിലർ ഇതിനെ എതിർത്ത് രംഗത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് സഹകരിക്കാമെന്ന് പറയുകയും മറുവശത്ത് പരിശോധനകളെ കാര്യമാക്കേണ്ട എന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതും പരിശോധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയാണ് പരിശോധനകളുമായും മറ്റും മോട്ടോർ വാഹന വകുപ്പും സർക്കാരും മുന്നോട്ട് പോവുന്നത്. അതുകൊണ്ട് എല്ലാവരും നിർബന്ധമായും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ സ്കൂളിൽ നിന്നും വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകൾ നടത്തിയ സാഹസിക അഭ്യാസങ്ങളെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ബസുകളുടെ ഫിറ്റ്നെസും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കുകയും നിരവധി ബസുകൾക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. Content Highlights:Burn Crackers On Tourist Bus To Celebrate Birthday
from mathrubhumi.latestnews.rssfeed https://ift.tt/38kI4IQ
via
IFTTT