ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പൗരത്വഭേദഗതി ബിൽ ഇന്ന് 12 മണിയോടെ ലോക്സഭയിൽ അവതരിപ്പിക്കും. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിർത്തുവോട്ടുചെയ്യാൻ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച വൈകീട്ടു ചേർന്ന കോൺഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചിരുന്നു. മുസ്ലിങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികളും സാമൂഹികസംഘടനകളും എതിർപ്പ് ഉന്നയിക്കുന്നതിനിടെയാണ്ബിൽ അവതരിപ്പിക്കുന്നത്. ബില്ലിനെ ഇരുസഭകളിലും എതിർക്കുമെന്ന് സിപിഎം അറിയിച്ചു. ഭേദഗതിയിൽ പ്രത്യേക രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അയൽ രാജ്യങ്ങളെന്നാക്കണമെന്നും മതങ്ങളുടെ പേര് പരാമർശിക്കുന്നത് ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. 545 അംഗ ലോക്സഭയിൽ 303 എംപിമാരുള്ള ബിജെപിക്ക് അനായാസം ബിൽപാസാക്കിയെടുക്കാനാകും. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അസമിൽ ഇന്ന് 12 മണിക്കൂർ ബന്ദ് നടക്കുകയാണ്. ട്രൈബൽ സ്റ്റുഡന്റ് ബോഡീസും മറ്റു 16 സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബില്ലിനെ എതിർത്തുകൊണ്ട് ലോക്സഭയിൽ മുസ്ലിം ലീഗ് എംപി പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിൽ വ്യവസ്ഥകളും ലക്ഷ്യവും *പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ അഭയാർഥികളായെത്തിയ ആറ് മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകും. *2014 ഡിസംബർ 31-നു മുമ്പുവന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക. *മുസ്ലിങ്ങളെ പരിഗണിക്കില്ല. * ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർക്കും. *ഇവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കും. *നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും. *എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. *പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. *സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു. * പൗരത്വബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത് 2016 ജൂലായ് 19-ന്. ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. അടുത്തദിവസം ബിൽ ലോക്സഭ പാസാക്കി. എന്നാൽ, രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. നിലവിലെ ചട്ടം *അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല. * ഇവരെ 1946-ലെ വിദേശപൗരത്വചട്ടം അനുസരിച്ചോ 1920-ലെ പാസ്പോർട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും Content Highlights:Citizenship Amendment Bill to be tabled today as oppn preps to fight it
from mathrubhumi.latestnews.rssfeed https://ift.tt/2YtBw66
via
IFTTT