Breaking

Sunday, December 15, 2019

കാന്‍സറിന്റെ അവശതയിലും ഹാര്‍ലി ഡേവിഡ്‌സന്റെ മോഡല്‍; ശശിധരൻ റോക്ക്‌സ് @ 67

തൃശ്ശൂർ: ''അങ്കിളിനൊരു മോഡലിന്റെ ലുക്കുണ്ട്...'' 67-ാം വയസ്സിൽ, കാൻസറിന്റെ അവശതയിലും യുവാക്കളുടെ ആവേശമായ ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ മോഡലാവാനുള്ള മോഹത്തിനു തീകൊളുത്തിയത് അപരിചിതനായ യുവാവിന്റെ ഈ വാക്കുകളായിരുന്നു. വേദനസംഹാരിയുടെ ബലത്തിൽ രോഗക്കിടക്കയിൽനിന്ന് തപ്പിത്തടഞ്ഞെഴുന്നേറ്റു വീടിനുവെളിയിലിറങ്ങിയതായിരുന്നു ശശിധരൻ. അഞ്ചാറുമാസമായി സംസാരിക്കാൻപോലുമാവാതെ കിടക്കയിൽത്തന്നെ ആയിരുന്നതിനാൽ അപ്പൂപ്പൻതാടിപോലെ സുന്ദരമായ താടിരോമങ്ങൾ നീണ്ടുവളർന്നിട്ടുണ്ട്. അതുവഴിപോയ യുവാവ് ആദ്യം ആ സുന്ദരനെ കൗതുകത്തോടെ നോക്കി, പിന്നെ അടുത്തുവന്ന് ഒരു സെൽഫിയെടുത്തു, ഒപ്പം മോഡലിനെപ്പോലെയെന്ന ഹരംപിടിപ്പിക്കുന്ന കമന്റും. യുവാവു പോയിട്ടും ശശിധരൻ ആ വാക്കുകൾക്കുപിറകിലായിരുന്നു. ഒരുവർഷം മുമ്പാണ് ശശിധരനെ കാൻസർ ബാധിച്ചത് തിരിച്ചറിഞ്ഞത്. വൃക്കയിൽനിന്ന് ശ്വാസകോശത്തിലേക്കും ബാധിച്ചതോടെ കീമോതെറാപ്പിപോലും പറ്റില്ലെന്നായി. വേദനസംഹാരിയായിരുന്നു ഏകമരുന്ന്. കാണാനെത്തുന്നവരുടെ സഹതാപം അസഹനീയമായതോടെ ഇച്ഛാശക്തിയോടെ എണീറ്റു. ഡോ. വി.പി. ഗംഗാധരന്റെ പ്രോത്സാഹനമായിരുന്നു ശക്തി. എണീറ്റിരിക്കാൻ സാധിച്ചതോടെ ഏറെക്കഴിയാതെ നടക്കാനും തുടങ്ങി. അച്ഛന്റെ അസുഖമറിഞ്ഞ് ദുബായിയിൽനിന്നെത്തിയ മകൾ ശാരിയോട് ശശിധരൻ തന്റെമോഹം പറഞ്ഞു. ശാരി കൊച്ചിയിലെ ഷോറൂമുകാരുമായി സംസാരിച്ചു. അവർക്കും പൂർണസമ്മതം. മകളുമൊത്ത് ശശിധരൻ ഷോറൂമിലെത്തിയപ്പോൾ അവിടെ ഫോട്ടോഗ്രാഫർ ഉൾപ്പടെ എല്ലാം ഒരുങ്ങിയിരുന്നു. സ്വപ്നവാഹനത്തിൽ ആഗ്രഹം തീരുംവരെ ശശിധരൻ മോഡലായി. 67-കാരനെന്ന് ആരും പറയില്ല. കാൻസറിന്റെ അവശത കാണാനേയില്ല. വിലകൂടിയ ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ ശശിധരനെ തീർത്തും വേറൊരാളാക്കി. കമ്പനിയുടെ ഷോറൂമുകളിലെ ജീവനക്കാരിലേക്ക് വാട്സാപ്പിലൂടെ പറന്നുനടക്കുകയാണ് ശശിധരന്റെ അതിജീവനകഥയും ഫോട്ടോകളും. ചെന്നൈയിൽ 35 വർഷം സിവിൽ-മെക്കാനിക്കൽ കോൺട്രാക്ടറായിരുന്നു തൃശ്ശൂർ പേരാമംഗലം ചങ്ങരംകുമരത്ത് ശശിധരൻ. ഭാര്യ സരസ്വതി 2017-ൽ മരിച്ചു. Content Highlights:sasidharan rocks-harley davidson


from mathrubhumi.latestnews.rssfeed https://ift.tt/2LVfCUl
via IFTTT