Breaking

Thursday, December 5, 2019

14 കിലോമീറ്റർ കാട്ടിലൂടെ നടന്ന് 12 പേർക്ക് ആധാർ നൽകി

ഇരിങ്ങാലക്കുട: സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർ 14 കിലോമീറ്റർ കാട്ടിലൂടെ നടന്ന് ആദിവാസി ഊരിലെ 12 പേർക്ക് ആധാർ നൽകി. കാട്ടാനയും കാട്ടുപോത്തും ഇടയ്ക്ക് വഴിതടഞ്ഞുവെങ്കിലും ലക്ഷ്യം നിറവേറ്റിയ സന്തോഷത്തിലാണ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് 56 വയസ്സുള്ള തങ്കമ്മ വർഗീസ് ഉൾപ്പെടെയുള്ളവർ. അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി ഊരുകളിലൊന്നായ വെട്ടിവിട്ടക്കാട് കോളനിയിലെ 88 വയസ്സുള്ള വെള്ളച്ചിക്കും അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കുമടക്കം 12 പേർക്ക് ആധാർ നൽകാനാണ് സംഘം നാലരമണിക്കൂർ കാട്ടിലൂടെ നടന്നത്. ജില്ലാ ജഡ്ജി ഇടപെട്ടതിനെത്തുടർന്നാണ് ഇവർക്ക് ആധാർ നൽകാൻ തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചത്. ആധാർയന്ത്രം, യു.പി.എസ്., പ്രിന്റർ, ബാറ്ററി എന്നിവ ചുമന്നാണ് സംഘം നടന്നത്. മലക്കപ്പാറയിൽനിന്ന് 30 കിലോമീറ്റർ ദൂരെയുള്ള മുടീസ് എന്ന സ്ഥലത്തുനിന്ന് 14 കിലോമീറ്റർ ഉള്ളിലാണ് വെട്ടിവിട്ടക്കാട് കോളനി. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതിപോലും എത്താത്ത ഉൾവനത്തിലെ ഒരു ഊരിൽ ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ആദിവാസി ഊരുകളിൽ ലീഗൽ വൊളന്റിയർ രമീള നടത്തിയ സർവേയിൽ വെള്ളച്ചിയടക്കം പലർക്കും രേഖകളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇവർക്ക് പെൻഷൻ അടക്കം സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജി സോഫി തോമസ് ഇടപെടുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട അഡീഷണൽ മുൻസിഫ് ജഡ്ജ് ജോമോൻ ജോണിന്റെ സാക്ഷ്യപത്രം ഉപയോഗിച്ചാണ് ഒരു ആധികാരികരേഖയും ഇല്ലാത്ത ആദിവാസികൾക്ക് ആധാർ നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തങ്കമ്മ വർഗീസ്, രമീള എന്നിവരെ കൂടാതെ ചാലക്കുടി അക്ഷയകേന്ദ്രം പ്രവർത്തകരായ അഭിലാഷ്, ശ്രീജിത്ത്, ടി.എൽ.എസ്.സി. സെക്രട്ടറി രാകേഷ്, സനിൽ ആർ.എസ്., മലക്കപ്പാറയിലെ സാമൂഹികപ്രവർത്തകൻ ലത്തീഫ്, അരയകാപ്പ് ഊരിലെ ബാബു, പെരുമ്പറ കോളനിയിലെ സന്തോഷ് എന്നിവരാണ് കാടിറങ്ങി വെള്ളച്ചിക്കും കുടുംബത്തിനും ആധാർ എടുത്തുനൽകിയത്. ചാലക്കുടിയിൽനിന്ന് രാവിലെ അഞ്ചരയോടെ കാറിൽ പുറപ്പെട്ട സംഘം 10 മണിക്ക് മുടീസിൽ എത്തി. അവിടെനിന്നാണ് നടക്കാൻ തുടങ്ങിയത്. ഒന്നരമണിക്കൂർ ക്യാമ്പിൽ ചെലവിട്ടു. ഭക്ഷണംപോലും കഴിക്കാതെ കാടിറങ്ങി രാത്രി ആറോടെയാണ് കാറിനടുത്ത് തിരിച്ചെത്തിയത്. ക്യാമ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ കാട്ടുപോത്തിനും ആനക്കൂട്ടത്തിനും മുന്നിൽപ്പെട്ടതായി സംഘാംഗങ്ങൾ പറഞ്ഞു. കൂവിവിളിച്ചാണ് കാട്ടുപോത്തിനെ ഓടിച്ചത്. കാടുകയറി റോഡിലെത്തിയപ്പോൾ വാഹനത്തിന് സമീപത്തുനിന്നിരുന്ന കാട്ടാനക്കൂട്ടം പോകാൻ കുറേനേരം കാത്തുനിന്നു. ഒടുവിൽ നാട്ടുകാരാണ് ആനക്കൂട്ടത്തെ ബഹളംകൂട്ടി ഓടിച്ചുവിട്ടതെന്ന് രമീള പറഞ്ഞു. തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ഇതുവരെ 15 ആദിവാസി ഊരുകളിലെ 160 പേർക്ക് ആധാർ എടുത്തുനൽകി. 250 പേർക്ക് പെൻഷൻ മസ്റ്ററിങ്, 60 പേർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, 30 പേർക്ക് ബാങ്ക് അക്കൗണ്ട്, 68 പേർക്ക് ജനനസർട്ടിഫിക്കറ്റ് എന്നിവ എടുത്തുനൽകിയതായി രമീള പറഞ്ഞു. content highlights:officials travels 14 kilometer to ensure aadhaar enrolement in aadivai ooru


from mathrubhumi.latestnews.rssfeed https://ift.tt/364KOYR
via IFTTT