Breaking

Monday, February 17, 2020

ന്യൂകാസിലിനെ തകര്‍ത്ത് ആഴ്‌സണല്‍; സമനിലയില്‍ കുരുങ്ങി റയല്‍ മാഡ്രിഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തപ്പോൾ ലാ ലിഗയിൽ റയൽ മാഡ്രിഡിന് സമനില. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു ആഴ്സണലിന്റെ നാല് ഗോളുകളും. 54-ാം മിനിറ്റിൽ ഒബമയാങ് ആഴ്സണലിന് ലീഡ് നൽകി. രണ്ട് മിനിറ്റിനുള്ളിൽ നിക്കോളാസ് പെപ്പെയും സ്കോർ ചെയ്തു. കൗമാര താരം സാക്കയുടെ പാസിൽ നിന്നായിരുന്നു പെപ്പെയുടെ ഗോൾ. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഓസിൽ ആഴ്സണലിന്റെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ലകസെറ്റിന്റെ വകയായിരുന്നു നാലാം ഗോൾ. വിജയിച്ചെങ്കിലും 34 പോയിന്റുമായി ആഴ്സണൽ പത്താം സ്ഥാനത്ത് തന്നെയാണ്. 31 പോയിന്റുമായി ന്യൂകാസിൽ 11-ാം സ്ഥാനത്താണ്. ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനെ സെൽറ്റ വിഗോയാണ് സമനിലയിൽ തളച്ചത്. ഏഴാം മിനിറ്റിൽ ഫ്യോദോർ സ്മൊലോവിലൂടെ സെൽറ്റ വിഗോ ലീഡെടുത്തു. 52-ാം മിനിറ്റിൽ ടോണി ക്രൂസ് റയലിനെ ഒപ്പമെത്തിച്ചു. 65-ാം മിനിറ്റിൽ സെർജിയോ റാമോസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റയലിന് ലീഡ് നൽകി. എന്നാൽ 85-ാം മിനിറ്റുവരെ ഇതിന് ആയുസുണ്ടായിരുന്നുള്ളു. സാന്റി മിന സെൽറ്റവിഗോയുടെ സമനിലഗോൾ നേടി. മത്സരം സമനില ആയെങ്കിലും 24 മത്സരങ്ങളിൽ 53 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ രണ്ടാമതുള്ള ബാഴ്സലോണയുമായുള്ള അകലം ഒരു പോയിന്റായി കുറഞ്ഞു. Content Highlights: La Liga EPL Real Madrid Arsenal Football


from mathrubhumi.latestnews.rssfeed https://ift.tt/2SxpuHo
via IFTTT