തിരുവനന്തപുരം: നഷ്ടമൊഴിവാക്കാൻ ബസ് ഓടിക്കാതിരിക്കുകയെന്ന ആശയം കെ.എസ്.ആർ.ടി.സി. നടപ്പാക്കി. ഓടിച്ചാൽ നഷ്ടമുണ്ടാകുന്നതുകൊണ്ട് രണ്ടുവൈദ്യുത ബസുകൾ കൊച്ചി മെട്രോ കോർപ്പറേഷന് കൈമാറി. മഹാവോയേജിൽനിന്ന് വാടകയ്ക്കെടുത്ത ബസുകൾ നിരത്തിലിറക്കിയാൽ ദിവസം 7,146 രൂപ നഷ്ടമുണ്ടാകുന്നുവെന്നും മറ്റാർക്കെങ്കിലും കൈമാറിയാൽ നഷ്ടം ഒഴിവാക്കാമെന്നുമായിരുന്നു ഓപ്പറേഷൻ വിഭാഗം മേധാവിയുടെ റിപ്പോർട്ട്. ശേഷിക്കുന്ന ബസുകളും ആർക്കെങ്കിലും കൈമാറാമെന്ന ധ്വനിയും റിപ്പോർട്ടിലുണ്ട്. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി.യെ സാമൂഹികമാധ്യമങ്ങളിൽ അപമാനിക്കരുതെന്ന അഭ്യർഥനയോടെയാണ് കുറിപ്പ്. പ്രൊഫഷണൽ മാനേജ്മെൻ് വിദഗ്ധർ അടങ്ങുന്ന ഇപ്പോഴത്തെ ഭരണസമിതിയാണ് പത്ത് വൈദ്യുതിബസുകൾ ഇ-ടെൻഡർ വഴി വാടകയ്ക്കെടുത്തത്. കിലോമീറ്റർ അടിസ്ഥാനമാക്കി വിവിധ സ്ളാബുകളിലായി 85.50 രൂപമുതൽ 43.20 രൂപവരെയാണ് വാടക. ഡ്രൈവറും ബസും കമ്പനി നൽകും. കണ്ടക്ടർ കെ.എസ്.ആർ.ടി.സി.യുടേതാണ്. നിറയെ യാത്രക്കാരുമായിട്ടാണ് ബസ് ഓടുന്നത്. 15,707 രൂപയാണ് ശരാശരി ദിവസവരുമാനം. എന്നിട്ടും നഷ്ടമാണ്. വാടക നിശ്ചയിച്ചതിലെ പാകപ്പിഴയാണ് കാരണം. ഓപ്പറേറ്റിങ്, ടെക്നിക്കൽ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കരാറിന് പച്ചക്കൊടി കാട്ടിയത്. മറ്റൊരു കമ്പനിയും കരാറിൽ പങ്കെടുത്തില്ല. വാടകയ്ക്ക് ബസുകൾ ക്ഷണിക്കുകയും ടെൻഡറിൽ പങ്കെടുത്തവരുമായി ചർച്ചചെയ്ത് കരാർ വ്യവസ്ഥകൾ തയാറാക്കുകയുമായിരുന്നു. കരാർ പരിഷ്കരിക്കാനോ ലാഭകരമാകുന്ന വിധത്തിൽ പുതിയബസ് വാടകയ്ക്ക് എടുക്കാനോ കെ.എസ്.ആർ.ടി.സി. ശ്രമിച്ചിട്ടില്ല. നിലവിലെ ആറുബസുകൾ ഓടിക്കുമ്പോൾ ദിവസം 42,876 രൂപ ദിവസനഷ്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം മാനേജ്മെന്റുതന്നെ സമ്മതിച്ച് റിപ്പോർട്ട് ഇറക്കുന്നത് ആദ്യമായിട്ടാണ്. മഹാവോയേജ് കമ്പനി എൻ.സി.പി. നേതാവിന്റെ ബിനാമിയാണെന്ന് ആരോപണം ഉയർന്നിരുന്നു. നഷ്ടമുണ്ടാക്കുന്ന കരാർ കെ.എസ്.ആർ.ടി.സി.യുടെ മേൽ കെട്ടിവച്ചതാണെന്ന് തൊഴിലാളി സംഘടനകളും പറയുന്നു. Content Highlights:E-buses is a liability for KSRTC
from mathrubhumi.latestnews.rssfeed https://ift.tt/2TgZKOY
via
IFTTT