കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയും സി.പി.എം. പെരിയ ലോക്കൽ സെക്രട്ടറിയുമായ എൻ.ബാലകൃഷ്ണൻ നടത്തിയ വിവാദപ്രസംഗത്തിന്റെ വീഡിയോദൃശ്യം സി.ബി.ഐ.യെ ഏൽപ്പിക്കാനൊരുങ്ങി കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം. കേസിൽ പ്രതിയാണെങ്കിലും ജാമ്യത്തിലാണിപ്പോൾ ബാലകൃഷ്ണൻ. പ്രസംഗത്തിലെ വരികൾ കൊലനടത്തിയെന്ന് സ്വയം സമ്മതിക്കുന്നതുപോലെയാണെന്ന് ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛനമ്മമാർ പറയുന്നു. പെരിയ ബസാറിൽ പുനർനിർമിച്ച എ.കെ.ജി. ഭവൻ ദിവസങ്ങൾക്കുമുമ്പ് സി.പി.എം. നേതാവ് പി.ജയരാജൻ ഉദ്ഘാടനംചെയ്ത ചടങ്ങിലാണ് അധ്യക്ഷനായിരുന്ന ബാലകൃഷ്ണൻ വിവാദപ്രസംഗം നടത്തിയത്. എ.കെ.ജി.ഭവൻ കോൺഗ്രസുകാർ നശിപ്പിച്ചുവെന്നുപറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. 'കല്യോട്ട് രണ്ട് യുവാക്കൾ മരിക്കാനിടയായ സാഹചര്യത്തെ പാർട്ടി അംഗീകരിക്കുന്നില്ല. പാർട്ടിയുടെ ഏതെങ്കിലും ഘടകങ്ങളറിഞ്ഞല്ല കൊലനടത്തിയതെന്ന് അന്നേ നേതൃത്വം വ്യക്തമാക്കിയതാണ്. ഇത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങളെത്തിച്ചേരാനിടയാക്കിയ സാഹചര്യമെന്താണെന്ന് മാധ്യമങ്ങളും അന്വേഷിക്കുന്നില്ല. ചിലർ കുപ്രചാരണം നടത്തി പാർട്ടിയെയും പാർട്ടിക്കാരെയും നിരന്തരം ആക്രമിക്കുകയാണ്. ഞങ്ങളൊക്കെ നടന്നുപോകുമ്പോൾ കൊലയാളികളെന്ന കമന്റുകളാണുയരുന്നത്. ശ്രീകൃഷ്ണനെ ആരെങ്കിലും കൊലയാളിയെന്നു വിളിച്ചിട്ടുണ്ടോ. സാധുജനപരിപാലനത്തിന് എത്രയോ ദുഷ്ടരായ മനുഷ്യരെ ശ്രീകൃഷ്ണൻ കൊന്നിട്ടുണ്ട്' -ബാലകൃഷ്ണൻ പറഞ്ഞു. ഒരു കോൺഗ്രസ് നേതാവും ബേക്കൽ പോലീസ് സ്റ്റേഷനിലെ അന്നത്തെ ഉയർന്ന ഉദ്യോഗസ്ഥനുമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയതിന്റെ ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛൻമാർക്കെതിരെയും ചില വിവാദപരാമർശങ്ങൾ നടത്തി. ലോക്കൽ സെക്രട്ടറിയുടെ വാക്കുകളത്രയും കൊലനടത്തിയതാരാണെന്ന് തെളിയിക്കുന്നതാണെന്നും ഇയാളെ മുഖ്യപ്രതിയാക്കി പ്രതിപ്പട്ടിക പുതുക്കണമെന്നും സി.ബി.ഐ.യോട് ആവശ്യപ്പെടുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. Content Highlights:SharathLal and Kripeshs parents say it is like admitting murder
from mathrubhumi.latestnews.rssfeed https://ift.tt/3a4KZFL
via
IFTTT