Breaking

Saturday, February 29, 2020

യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഇന്ന് ഖത്തറില്‍; സാക്ഷിയാകാന്‍ ഇന്ത്യയും

വാഷിങ്ടൺ: താലിബാനുമായി യുഎസ് ഇന്ന് ഖത്തറിൽ വെച്ച് സമാധാന കരാറിൽ ഒപ്പിടും. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആകും യുഎസിനെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പിടുകയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനികരെ പൂർണ്ണമായും പിൻവലിക്കുന്നതിനുള്ള ആദ്യ പടിയാണിത്. ഘട്ടം ഘട്ടമായിട്ടായിരിക്കും യുഎസ് സേനയെ പിൻവലിക്കുക. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പുമടക്കം കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് വൈകീട്ടോടെയാകും കരാർ ഒപ്പിടൽ. കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്. ഖത്തർ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. താലിബാനും അഫ്ഗാൻ സർക്കാരും കരാറിൽ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കിൽ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചു. കരാർ ഒപ്പിട്ടതിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പറും അഫ്ഗാനിസ്ഥാൻ സർക്കാരും സംയുക്ത പ്രഖ്യാപനം നടത്തുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. രാജ്യത്തിന്റെ സമാധാനത്തിനും പുതിയ ഭാവിക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ട്രംപ് അഫ്ഗാൻ ജനതയോട് അഭ്യർത്ഥിച്ചു. പതിമൂവായിരത്തോളം യുഎസ് സൈനികർ നിലവിൽ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ടിക്കുന്നുണ്ട്. ഇത് 135 ദിവസം കൊണ്ട് 8,600 ലേക്കെത്തും. പൂർണ്ണമായും സൈനികരെ പിൻവലിക്കുന്നതിനുള്ള സമയപരിധിയും കരാറിലുണ്ടാകുമെന്നാണ് സൂചന. അൽഖ്വായ്ദയ്ക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം നൽകരുത്. അക്രമങ്ങൾ കുറയ്ക്കുക. അഫ്ഗാൻ സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഒത്തുതീർപ്പ് ചർച്ചകൾ നടത്തുക എന്നിങ്ങനെയാണ് കരാറിൽ താലിബാനുള്ള നിർദേശങ്ങൾ. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണ് അഫ്ഗാനിസ്ഥാനിലേത്. 2001-ന് ശേഷം അഫ്ഗാനിൽ 2400 യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. Content Highlights:: US-Taliban peace deal to be signed today evening in Doha (Qatar), Indian envoy among 30 countries also invited to witness the event.


from mathrubhumi.latestnews.rssfeed https://ift.tt/32BxACk
via IFTTT