ന്യൂഡൽഹി: നീലാകാശത്തിനു കീഴെ വെണ്ണപ്പാളി പോലെ താജ് മഹൽ തിളങ്ങി. ലോകാദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട, മാർബിളിൽ തീർത്ത ആ പ്രണയകുടീരത്തിനുമുന്നിൽ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും വിസ്മയഭരിതരായി. ചുറ്റും വർണവൈവിധ്യങ്ങളിൽ വിരിഞ്ഞുനിന്ന പൂക്കളുടെ ഉത്സവം. സന്ദർശകപുസ്തകത്തിൽ ആശംസാവാക്യമെഴുതി താജ് മഹലിലെത്താനുള്ള പടികളിറങ്ങുമ്പോൾ ഉള്ളിൽ പ്രണയം തുടിച്ചപോലെ ട്രംപ് തന്റെ ഇടതുകരം മെലാനിയയുടെ വലംകൈയിൽ മുറുകെപ്പിടിച്ചു. ഒരുമണിക്കൂർ നീണ്ട താജ് സന്ദർശനം യു.എസ്. പ്രസിഡന്റിനും ഭാര്യയ്ക്കും അവിസ്മരണീയമായി. ഖെഡിയ എയർബേസിൽ വിമാനമിറങ്ങിയ ട്രംപ് ദമ്പതിമാരെ യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മയിൽപ്പീലിയണിഞ്ഞ കൃഷ്ണവേഷങ്ങൾ സ്വീകരണസ്ഥലത്തുണ്ടായിരുന്നു. വഴിയിലുടനീളം ഇരുവശങ്ങളിലുമായി ഇന്ത്യൻ-അമേരിക്കൻ പതാകകളേന്തി പതിനയ്യായിരത്തിലേറെ വിദ്യാർഥികൾ ഇരുവർക്കും സ്വാഗതമോതി. താജ്മഹലിൽ ഇരുവരും ആദ്യം മാധ്യമങ്ങൾക്കു മുന്നിൽ ഫോട്ടോയ്ക്കായി നിന്നു. തുടർന്ന്, സന്ദർശകപുസ്തകത്തിൽ എഴുതി: 'ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും സൗന്ദര്യവും കാലാതീതമായി രേഖപ്പെടുത്തുന്ന താജ് മഹൽ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നന്ദി ഇന്ത്യ.' താജിന്റെ സൗന്ദര്യം മനോഹരമായി കാണാവുന്ന വിഖ്യാതമായ ഡയാന ബെഞ്ചിനുമുന്നിൽ ഫോട്ടോയ്ക്കു പോസു ചെയ്തെങ്കിലും ഇരുവരും ഇരുന്നില്ല. ആ നിൽപ്പിൽ പ്രണയാതുരമെന്നപോലെ ട്രംപ് പ്രിയതമയുടെ കരം മുറുകെപ്പിടിച്ചു. മാധ്യമപ്രവർത്തകർ ചിത്രങ്ങളെടുക്കുമ്പോൾ ഇടയ്ക്കിടെ വസ്ത്രം ശരിയാക്കിയതും തമാശ പറഞ്ഞതുമൊക്കെ അദ്ദേഹത്തിന്റെ ഉള്ളിലെ സന്തോഷം വെളിവാക്കി. താജ്മഹലിൽ തൂണുകളുടെ സൗന്ദര്യവും മാർബിളിന്റെ മനോഹാരിതയുമൊക്കെ ട്രംപ് തൊട്ടും ചോദിച്ചുമറിഞ്ഞു. താജിന്റെ സൗന്ദര്യമാസ്വദിച്ചു ചവിട്ടുപടികളിറങ്ങവേ, കണ്ടുമതിയാവാത്ത പോലെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുകയായിരുന്നു മെലാനിയ. ലോകത്തെ സപ്താദ്ഭുതങ്ങളിലൊന്നിന്റെ ചരിത്രം തങ്ങൾക്കു വിവരിച്ചുതന്ന ഗൈഡിനൊപ്പം ഫോട്ടോയെടുക്കാനും ട്രംപ് മറന്നില്ല. ചിത്രമെടുത്തു മതിയാവാതെ ഇവാൻക ട്രംപിനൊപ്പമെത്തിയ മകൾ ഇവാൻകയും ഭർത്താവ് ജാരെദ് കുഷ്നറും താജ് മഹൽ സന്ദർശനം ആഘോഷമാക്കി. ഭർത്താവിനൊപ്പം തുരുതുരെ ചിത്രങ്ങളെടുക്കുന്നതിലായിരുന്നു ഇവാൻകയുടെ ഉത്സാഹം. ഡയാന ബെഞ്ചിൽ ഇരുന്നും ഒറ്റയ്ക്കും കൂട്ടായുമൊക്കെ ഇവാൻക ഒട്ടേറെ ചിത്രങ്ങളെടുത്തു. ഏറെ ആഹ്ലാദവതിയായി ഭർത്താവിന്റെ കൈയിൽ പിടിച്ചു താജിലേയ്ക്കു നടന്നുനീങ്ങുന്ന ഇവാൻക മാധ്യമങ്ങൾക്കും ദൃശ്യവിരുന്നായി. സ്വന്തം ചിത്രങ്ങളെടുക്കാൻ ഗൈഡിന്റെ കൈയിൽ അവർ മൊബൈൽ കൈമാറുന്നതും താജിനുമുന്നിലെ കാഴ്ചയായി. ഇടയ്ക്ക് ജാരെദ് മൊബൈൽ വാങ്ങി ഇവാൻകയ്ക്ക് ചിത്രമെടുത്തുകൊടുത്തു. പകർത്തിയ ചിത്രങ്ങൾ ജാരെദിനൊപ്പം അവർ നോക്കി രസിക്കുന്നുമുണ്ടായിരുന്നു. Content Highlights:Donald Trump India visit
from mathrubhumi.latestnews.rssfeed https://ift.tt/2TbT3NX
via
IFTTT