Breaking

Saturday, February 29, 2020

ബി.എസ് 6-ലേക്കുള്ള മാറ്റം: വാഹനത്തിന് മാത്രമല്ല, ഏപ്രില്‍ ഒന്നുമുതല്‍ ഇന്ധനവിലയും കൂടും

ബി.എസ്. 6-ലേക്കുള്ള മാറ്റം ഏപ്രിൽ മുതൽ ഇന്ധനവിലയിൽ പ്രതിഫലിച്ചുതുടങ്ങും. ബി.എസ്. 6 ഇന്ധനം വിതരണംചെയ്യാനുള്ള തയ്യാറെടുപ്പുകൾ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഏപ്രിൽ ഒന്നുമുതൽ ഇന്ധനവിലയിൽ നേരിയ വർധനയുണ്ടാകും. ലിറ്ററിന് 70 പൈസ മുതൽ 1.20 രൂപവരെ വർധിച്ചേക്കുമെന്നാണ് നിഗമനം. ബി.എസ്. 6 ഇന്ധനം ഉത്പാദിപ്പിക്കാൻ റിഫൈനറികൾ നവീകരിക്കാൻ 35,000 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ചെലവഴിച്ചത്. ഇതിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.) മാത്രം 17,000 കോടി ചെലവഴിച്ചു. 7,000 കോടിരൂപയുടെ നിക്ഷേപം നടത്തിയതായി കഴിഞ്ഞയാഴ്ച ബി.പി.സി.എല്ലും അറിയിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ ബി.എസ്. 6 ഇന്ധനം വിതരണംചെയ്യാൻ ഐ.ഒ.സി. തയ്യാറായിട്ടുണ്ട്. രണ്ടാഴ്ചമുൻപുതന്നെ ബി.എസ്. 6 ഇന്ധന ഉത്പാദനം ഐ.ഒ.സി. ആരംഭിച്ചിരുന്നതായി ചെയർമാൻ സഞ്ജീവ് സിങ് അറിയിച്ചു. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ബി.എസ്. 6-ലേക്കുള്ള മാറ്റത്തിന് കൂടുതൽ സമയമെടുത്തേക്കും. എങ്കിലും ഇത്തരം മേഖലകളിലെ ബി.എസ്. 4 ഇന്ധനത്തിന്റെ മുഴുവൻ സ്റ്റോക്കുംമാറ്റി ബി.എസ്. 6 ഇന്ധനം നിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില കുത്തനെ ഉയർത്തി ഉപഭോക്താക്കൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ലെന്ന് ഐ.ഒ.സി. ഉറപ്പുനൽകിയിട്ടുണ്ട്. Content Highlights:BS6 Engine; BS6 Standard Petrol Price May Increase


from mathrubhumi.latestnews.rssfeed https://ift.tt/3agoyxm
via IFTTT