Breaking

Wednesday, February 26, 2020

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു; 20 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള സംഘർഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അജിത് ഡോവൽ ഡൽഹി കമ്മീഷണർ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്പെഷ്യൽ കമ്മീഷണർ എസ്എൻ ശ്രീവാസ്ത, നോർത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സംഘർഷ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി. അക്രമികൾ വലിയ തോതിൽ നാശം വിതച്ച സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക് എന്നീ പ്രദേശിങ്ങളിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ മനസിലാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മൂന്നാംതവണയും ഉന്നതലയോഗം വിളിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡൽഹിയിലെത്തി ക്രമസമാധാനനില വിലയിരുത്തിയത്.ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായതായി ഡൽഹി പോലീസ് അറിയിച്ചു. സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്. ഇതുവരെ 13 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 48 പോലീസുകാരുൾപ്പെടെ 200ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. content highlights;Ajit Doval Reviews Security Arrangements In Violence-Affected North-East Delhi


from mathrubhumi.latestnews.rssfeed https://ift.tt/2w25NPs
via IFTTT