മുഹമ്മ: നാടിനെ നൊന്പരത്തിലാക്കുന്നതായിരുന്നു അപ്പുവിന്റെ വേർപാട്. മണ്ണഞ്ചേരി ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായി പറന്നുനടന്ന അപ്പുവെന്ന ആൺമയിലാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. ഞായറാഴ്ച മനയ്ക്കൽ ക്ഷേത്രത്തിന് സമീപത്തായി റോഡ് മറികടക്കുമ്പോൾ ബൈക്ക് തട്ടിയിരുന്നു. എന്നാൽ, കാര്യമായ കുഴപ്പങ്ങളില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകി വിട്ടു. തിങ്കളാഴ്ച വൈകീട്ടോടെ ക്ഷേത്രത്തിന് സമീപത്തെ സർപ്പക്കാവിലാണ് മയിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണഞ്ചേരി സ്കൂൾ കവലയ്ക്ക് പടിഞ്ഞാറുള്ള പേനത്ത് പ്രകാശ് ഷേണായിയുടെ വീട്ടിലായിരുന്നു അപ്പുവിന്റെ ജനനം. അവിടെ നാലുവർഷം മുൻപ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച കൂട്ടത്തിൽ നിന്നായിരുന്നു മുട്ട വിരിഞ്ഞ് അപ്പുവെന്ന മയിൽ നാട്ടുകാർക്ക് പ്രിയങ്കരനായത്. പ്രകാശ് ഷേണായിയുടെ വീട്ടിൽനിന്ന് രാവിലെ ചോറും തൈരും ചേർന്ന ഭക്ഷണം കഴിച്ച് നാടുചുറ്റാനിറങ്ങും. സമീപത്തെ മനയ്ക്കൽ ക്ഷേത്രമായിരുന്നു സ്ഥിരം താവളം. ഇവിടെയെത്തുന്ന ഭക്തരും കുട്ടികളുമായി നല്ല ഇണക്കത്തോടെയായിരുന്നു അപ്പു കഴിഞ്ഞിരുന്നത്. കുട്ടികളും മുതിർന്നവരുമടക്കം വിതുമ്പലോടെയാണ് അപ്പുവിന്റെ വേർപാടറിഞ്ഞ് ക്ഷേത്രത്തിലേക്കെത്തിയത്. വനംവകുപ്പ് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുഴിച്ചിട്ടു. Content Highlights:Muhamma appu peacock dead, alappuzha
from mathrubhumi.latestnews.rssfeed https://ift.tt/2T1THyS
via
IFTTT