തിരുവനന്തപുരം: മുന്നോട്ടുള്ള പോക്കിൽ ഒട്ടും ആശങ്കയില്ലെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.യെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എല്ലാവരുടെയും ബുദ്ധിമുട്ടുകൾ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പില്ല. അതുകൊണ്ട് ആശങ്കയുമില്ല. കാസർകോട് രാജിവെച്ച സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിശോധിച്ച് പരിഹരിക്കും. പാർട്ടി ധാരാളം അവസരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. രണ്ടുതവണ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചു. ലോക്സഭയിലേക്കും മത്സരിക്കാൻ സീറ്റ് നൽകി. അവഗണിച്ചു എന്ന പ്രചാരണം ശരിയല്ല. വ്യത്യസ്താഭിപ്രായം എല്ലായിടത്തുമുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യവും കരുത്തുമാണ്. ബി.ജെ.പി.യെപ്പറ്റി ആർക്കും വേവലാതി വേണ്ട. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോൾ ചില നേതാക്കൾ എത്താഞ്ഞതിന്റെ കാരണം വ്യക്തമായറിയാം. രണ്ടു ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനവും പാർട്ടി പുനഃസംഘടനയും രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. അവകാശവാദങ്ങളിലൂടെയല്ല, ജനങ്ങളെ യജമാനന്മാരായി കണ്ടാകും മാറ്റത്തിന് ശ്രമിക്കുക. ബി.ഡി.ജെ.എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനമായിരിക്കും ബി.ജെ.പി.യുടേത്. മാധ്യമങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നിശിതമായി വിമർശിക്കാം. എന്നാൽ, തിരിച്ചുള്ള വിമർശനത്തിനും ഇടം നൽകണം. കേസരി സ്മാരക ജേർണലിസ്റ്റ്സ് ട്രസ്റ്റിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഒപ്പമുണ്ടായിരുന്നു. പി.എസ്.സി. തട്ടിപ്പിന്റെ കേന്ദ്രം; അന്വേഷണംവേണം നിയമനത്തട്ടിപ്പിന്റെ കേന്ദ്രമായ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുകയോ അവർ രാജിവെക്കുകയോ വേണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഇവരെ മാറ്റിനിർത്തി ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണം. മൊത്തതിൽ അഴിച്ചുപണിയാണ് ആവശ്യം. കെ.എ.എസ്. നല്ല ആശയമാണ്. പക്ഷേ, പരീക്ഷയുടെ രഹസ്യസ്വഭാവം തകർന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പി.എസ്.സി. ചെയർമാനും അംഗങ്ങളും ചേർന്നുള്ള ഗൂഢാലോചന ഇതിലുണ്ട്. പരീക്ഷാപരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പൊതുവിതരണ വകുപ്പിലെ രണ്ടുദ്യോഗസ്ഥർക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണ് കുറ്റക്കാർ. ക്രമക്കേടുകൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി നിയമപരമായ വഴികൾ തേടും. ഉദ്യോഗാർഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. Content Highlights:k surendran reacts on bjp kerala
from mathrubhumi.latestnews.rssfeed https://ift.tt/2PgHeF9
via
IFTTT