Breaking

Wednesday, February 26, 2020

തെരുവുകളിൽ അക്രമികളുടെ അഴിഞ്ഞാട്ടം

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ജാഫറാബാദിൽ തിങ്കളാഴ്ച തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച മറ്റു മേഖലകളിലേക്കും പടരുകയായിരുന്നു. മോജ്പുർ, ബാബർപുർ, ഭജൻപുര, ഗോകുൽപുരി, ചാന്ദ്പുര, കബീർനഗർ, കരാവൽനഗർ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഏറ്റുമുട്ടലുണ്ടായി. ബാബർപുർ-മോജ്പുർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഇരുമേഖലകളെയും വേർതിരിക്കുന്ന ഒരു പാലമുണ്ട്. ഇതിന്റെ ഇരുപുറവും നിന്നുകൊണ്ടായിരുന്നു ചൊവ്വാഴ്ചത്തെ സംഘർഷം. രാവിലെമുതൽ തെരുവുകളിൽ അക്രമികൾ അഴിഞ്ഞാടി. മോജ്പുരിൽ ബി.ജെ.പി. നേതാവ് ജെയ് ഭഗവാൻ ഗോയൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന് ആരോപണമുണ്ട്. മോജ്പുർ, ബ്രംപുരി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തെരുവുകളിലെ തീക്കളി. കടകൾക്കുപുറമേ, ഒരു ശവകുടീരത്തിനും തീവെച്ചു. ഉച്ചയ്ക്കുശേഷം മോജ്പുരിലെ കർദമപുരി പ്രദേശത്തു കല്ലേറുണ്ടായി. മെട്രോസ്റ്റേഷനുസമീപം ഉച്ചഭാഷിണിയിലൂടെ പ്രകോപനപരമായ സംഭാഷങ്ങളുണ്ടായെങ്കിലും പോലീസ് കാര്യമായി ഇടപെട്ടില്ല. മാധ്യമപ്രവർത്തകരടക്കം അതുവഴി വന്നവരോടെല്ലാം തിരിച്ചറിയൽകാർഡ് ചോദിച്ചും വസ്ത്രമുരിഞ്ഞു മതപരിശോധനയ്ക്കു ശ്രമിച്ചതുമൊക്കെ പ്രദേശത്തു ഭീകരാന്തരീക്ഷമുണ്ടാക്കി. പൗരത്വപ്രതിഷേധം നടക്കുന്ന ജാഫറാബാദിലും ജനക്കൂട്ടം സർവസജ്ജരായി നിന്നു. മാധ്യമപ്രവർത്തകരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണു പ്രവേശിപ്പിച്ചത്. ദൃശ്യങ്ങളെടുക്കാൻ അനുവദിച്ചില്ല. പുറത്തുനിന്നുള്ളവരാണ് തങ്ങൾക്കെതിരേ അക്രമം നടത്തുന്നതെന്നും ഡൽഹി പോലീസ് അവരെ സഹായിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. അതിനിടെ ജാഫറാബാദ് മെട്രോസ്റ്റേഷൻ പരിസരത്ത് സമരത്തിലിരുന്ന സ്ത്രീകൾ ചൊവ്വാഴ്ച പിന്മാറി. Content Highlights:Delhi violence North East Delhi


from mathrubhumi.latestnews.rssfeed https://ift.tt/2SZQ5gQ
via IFTTT