Breaking

Monday, February 24, 2020

അധ്യയനവർഷം അവസാനിക്കാറായിട്ടും സ്കൂൾ യൂണിഫോം തുക നൽകിയില്ല

കരിവെള്ളൂർ: അധ്യയനവർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള യൂണിഫോം തുക വിതരണംചെയ്തില്ല. 24 മണിക്കൂറിനുള്ളിൽ വിതരണംചെയ്യണമെന്നുപറഞ്ഞനുവദിച്ച തുകപോലും അഞ്ചുമാസം കഴിഞ്ഞിട്ടും പ്രഥമാധ്യാപകർക്ക് ലഭിച്ചിട്ടില്ല. എയ്ഡഡ് യു.പി. സ്കൂളുകളിലും ഹൈസ്കൂളുകളിലുമുള്ള ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും സർക്കാർ ഹൈസ്കൂളുകളിലെ എട്ടുവരെ ക്ലാസുകളിലെ എ.പി.എൽ. ആൺകുട്ടികൾക്കുമുള്ള യൂണിഫോം തുകയാണ് വിതരണംചെയ്യാത്തത്. മൂന്നുവിഭാഗങ്ങളിലായാണ് സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണംചെയ്യുന്നത്. സർക്കാർ, എയ്ഡഡ് എൽ.പി. സ്കൂളുകൾക്കും സർക്കാർ യു.പി. സ്കൂളുകൾക്കും കൈത്തറി യൂണിഫോമാണ് നൽകുന്നത്. ഇതിനാവശ്യമായ കൈത്തറിത്തുണി അധ്യയനവർഷം ആരംഭിക്കുമ്പോൾത്തന്നെ വിതരണംചെയ്തു. സർക്കാർ ഹൈസ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പെൺകുട്ടികൾക്കും ബി.പി.എൽ. ആൺകുട്ടികൾക്കും യൂണിഫോമിനാവശ്യമായ തുകനൽകും. എസ്.എസ്.കെ.യാണ് ഇതുനൽകുന്നത്. നാലുമാസംമുമ്പ് ഇത് വിതരണംചെയ്തു. എയ്ഡഡ് യു.പി.സ്കൂളുകളിലും ഹൈസ്കൂളുകളിലുമുള്ള ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ ഹൈസ്കൂളുകളിലെ എട്ടുവരെ ക്ലാസുകളിലെ എ.പി.എൽ. ആൺകുട്ടികൾക്കും വിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് തുക വിതരണംചെയ്യുന്നത്. ഈ തുകയാണ് ഇതുവരെ ലഭിക്കാത്തത്. ഈവർഷംമുതൽ ഒരുവിദ്യാർഥിക്കുള്ള യൂണിഫോം തുക 400-ൽനിന്ന് 600 രൂപയായി വർധിപ്പിച്ചിരുന്നു. എയ്ഡഡ് വിദ്യാലയങ്ങളിലെ യൂണിഫോം തുക നൽകാൻ സെപ്റ്റംബറിൽ 21 കോടി രൂപ അനുവദിച്ചതാണ്. 24 മണിക്കൂറിനുള്ളിൽ തുക വിതരണംചെയ്യണമെന്ന് ഉത്തരവിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ആകെ ലഭിക്കാനുള്ള തുകയുടെ 25 ശതമാനംപോലുമാകുന്നില്ലെങ്കിലും ട്രഷറിനിയന്ത്രണം കാരണം ഈ തുകപോലും വിദ്യാലയങ്ങൾക്ക് ലഭിച്ചില്ല. കഴിഞ്ഞവർഷം യൂണിഫോം തുക കൃത്യമായി ലഭിച്ചു. സർക്കാരിനെ വിശ്വസിച്ച് ഒട്ടേറെ പ്രഥമാധ്യാപകർ കടംവാങ്ങിയും സ്വന്തം കൈയിൽനിന്നെടുത്തും കുട്ടികൾക്ക് ജൂണിൽത്തന്നെ യൂണിഫോം വിതരണംചെയ്തിരുന്നു. ഇത്തരം അധ്യാപകരാണ് ഇപ്പോൾ കുരുക്കിലായത്. Content Highlights:Due to the treasury control, the schools did not receive this amount


from mathrubhumi.latestnews.rssfeed https://ift.tt/2T8AkTB
via IFTTT