Breaking

Thursday, February 27, 2020

ഹോളിയും പെരുന്നാളും ഒന്നിച്ചാഘോഷിച്ചവർ; പക്ഷെ...

ന്യൂഡൽഹി: 'ഹോളിയും പെരുന്നാളുമൊക്കെ ഒന്നിച്ച് ആഘോഷിച്ചവരാണ് ഞങ്ങൾ. ഒരു തെരുവിൽ ഒന്നിച്ചുകളിച്ചു വളർന്നവർ. ഒടുവിൽ, അവർതന്നെ എന്റെ അനുജനെ കൊന്നു.'- മുസ്തഫാബാദിൽ കൊല്ലപ്പെട്ട അനുജൻ മെഹ്താബിന്റെ മൃതദേഹവും കാത്ത് ജി.ടി.ബി. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ വിങ്ങലടക്കാനാവാതെ സഹോദരി യാസിൻ മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞു. നാളിതുവരെ ഒന്നിച്ചുകഴിഞ്ഞവർ പെട്ടൊന്നൊരു ദിവസം ഹിന്ദുവും മുസ്ലിമുമായി മാറിയതിന്റെ നടുക്കത്തിലാണ് യാസിൻ ഉൾപ്പെടെയുള്ളവർ. തൊട്ടപ്പുറം, കൂട്ടനിലവിളിയുമായി ഒരുപറ്റം സ്ത്രീകൾ. ഗോകുൽപുരിയിൽ തിങ്കളാഴ്ച കൊല്ലപ്പെട്ട രാഹുൽ സോളങ്കിയുടെ വീട്ടുകാർ. പോസ്റ്റുമോർട്ടത്തിനുശേഷം ഇനിയും മൃതദേഹം കിട്ടിയിട്ടില്ല. 'ഏപ്രിലിൽ അവന്റെ കല്യാണം നിശ്ചയിച്ചതായിരുന്നു. പക്ഷെ...' - രാഹുലിന്റെ അമ്മാവൻ ദീപക് സോളങ്കി കണ്ണീർതുടച്ചു. വിദ്വേഷം ജീവനെടുത്തവർക്കായി മോർച്ചറിക്കുമുന്നിൽ കാത്തുകെട്ടി കിടക്കുകയാണ് ഒട്ടേറെപേർ. ഇന്നലേയും ഞാനിവിടെ മൂന്നു മണിക്കൂർ കാത്തിരുന്നു. പക്ഷെ, ഇന്നുവരാനാണ് വൈകീട്ടുകിട്ടിയ മറുപടി. രാവിലെമുതൽ കാത്തു നിൽക്കുകയാണ് ഞങ്ങൾ. പോസ്റ്റ്മോർട്ടം നടക്കുന്നുവെന്നാണ് ആശുപത്രിക്കാർ നൽകുന്ന മറുപടി.- കർദംപുരിയിൽ വെടിയേറ്റുമരിച്ച മുഹമ്മദ് ഫുർഖാന്റെ ഉപ്പ സദറുദീനും സഹോദരൻ ഇമ്രാനും പറഞ്ഞു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ബന്ധുക്കളുടെ വാക്കുകൾ. അവൻ പാൽ വാങ്ങാൻ പുറത്തിറങ്ങിയതാണ്. പക്ഷെ, അക്രമികൾ വെടിവെച്ചുകൊന്നു കളഞ്ഞു.- മുസ്തഫാബാദിൽ മരിച്ച മുദ്സിർ എന്ന മുപ്പത്തിരണ്ടുകാരന്റെ വീട്ടുകാർ പറഞ്ഞു. മുസ്തഫാബാദിലെ മുഹമ്മദ് ഷാഹിദ് (22) എന്ന ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട വിവരം വീട്ടുകാരറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചപ്പോഴായിരുന്നു. തിങ്കളാഴ്ച മൂന്നരയ്ക്കായിരുന്നു മരണം. ഞങ്ങൾ അറിഞ്ഞത് ആറരയ്ക്കും. മറ്റൊരു ആശുപത്രിയിലായിരുന്ന മൃതദേഹം പിന്നീട് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. - ഷാഹിദിന്റെ ബന്ധു മുഹമ്മദ് റാഷിദ് വിവരിച്ചു. നാലുമാസം മുമ്പായിരുന്നു അവന്റെ വിവാഹം. ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാൻപോലും അവനു ഭാഗ്യമുണ്ടായില്ല- റാഷിദ് വിതുമ്പി. ഹോട്ടലിൽനിന്നുവരുമ്പോൾ വെടിയേറ്റുമരിച്ചതാണ് കരാവൽനഗറിലെ വീർ സിങ് എന്ന നാല്പത്തിയെട്ടുകാരൻ. ഡ്രൈ ക്ലീനിങ് സെന്ററിലായിരുന്നു ജോലി. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ വെടിയേറ്റു. സംഘർഷമായതിനാൽ ആശുപത്രിയിൽ പെട്ടെന്ന് എത്താൻ പോലും ഞങ്ങൾക്കുസാധിച്ചില്ല- വീർ സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കാത്തുനിന്ന ബന്ധു പുരൻ സിങ് പറഞ്ഞു. പൗരത്വ പ്രതിഷേധക്കാരാണ് വീർ സിങ്ങിനെ വെടിവെച്ചതെന്നും അയാൾ ആരോപിച്ചു. താനും അച്ഛനും വാളുകളും കല്ലുകളുമായി അക്രമിക്കപ്പെട്ടതായി ഘോണ്ടയിൽ താമസിക്കുന്ന മോനുകുമാർ പറഞ്ഞു. അക്രമത്തിൽ അച്ഛൻ വിനോദ് കുമാർ കൊല്ലപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ് മോനുകുമാർ. സംഘർഷം അരങ്ങേറുമ്പോൾ പോലീസ് കാഴ്ചക്കാരായി നിന്നെന്ന് കലാപത്തിൽ കൊല്ലപ്പെട്ട രാഹുൽ താക്കൂറിന്റെ കുടുംബം കുറ്റപ്പെടുത്തി. ഇങ്ങനെ, പരിക്കേറ്റവരുടേയും മരിച്ചവരുടെ ബന്ധുക്കളുടേയും തിരക്കിലാണ് ജി.ടി.ബി ആശുപത്രി. പലരുടേയും മൃതദേഹങ്ങൾ ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകി. ഇതിനിടെ, പരിക്കേറ്റ് എത്തിയവർക്ക് ചികിത്സ വൈകിച്ചെന്നും ആരോപണം ഉയർന്നു. എന്നാൽ, ഇക്കാര്യം മെഡിക്കൽ സൂപ്രണ്ട് ഡോ. അശോക് കുമാർ നിഷേധിച്ചു. ചികിത്സയ്ക്കെത്തുന്ന എല്ലാവർക്കും എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടുപറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2vaGVVG
via IFTTT