Breaking

Saturday, February 29, 2020

കുട്ടനാട്ടിൽ ഈർക്കിൽ പാർട്ടികൾ വേണ്ട - ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കൊച്ചി: കുട്ടനാട് സീറ്റ് ഈർക്കിൽ പാർട്ടികൾക്ക് നൽകുന്നതിനെതിരേ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും ചെറുപാർട്ടികൾക്ക് സീറ്റ് നൽകുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. സീറ്റ് കേരള കോൺഗ്രസിന് നൽകാനാണ് പോകുന്നത്. കേരള കോൺഗ്രസ് മാണിയും ജോസഫും തമ്മിൽ സീറ്റിനുള്ള കടിപിടിയാണ്. മാണി കോൺഗ്രസിന് കുട്ടനാട് ഒരു യൂണിറ്റ് പോലുമില്ല. ജോസഫിന് മൂന്ന് പഞ്ചായത്തിൽ രണ്ടിടത്തു മാത്രമേ അല്പമെങ്കിലും സാന്നിധ്യമുള്ളു. പതിനൊന്ന് കേരള കോൺഗ്രസ് പാർട്ടികളുണ്ട്. എന്നിട്ട് തവള വീർക്കുന്നതുപോലെ വീർക്കുകയാണ്. അത്ര വലിയ ശക്തിയുണ്ടെങ്കിൽ ഒറ്റയ്ക്ക് നിൽക്കട്ടെ, അപ്പോഴറിയാം. ഇടതുപക്ഷം സീറ്റ് എൻ.സി.പി.ക്ക് കൊടുക്കാൻ പോകുകയാണ്. ഒരു കൊതുമ്പുവള്ളത്തിൽ കയറാൻ തികച്ച് ആളില്ലാത്ത പാർട്ടിക്കാണ് സീറ്റ് കൊടുക്കാൻ പോകുന്നത്. ചേട്ടന്റെ കാര്യവും പറഞ്ഞ് അനിയനെ കൊണ്ടുവരാൻ പോവുകയാണ്. ചാണ്ടി, മണിപവർ ഉപയോഗിച്ച് ജയിച്ചതല്ലാതെ ഒരു നന്മയും ചെയ്തിട്ടില്ല. ചെത്തുകാരെക്കാൾ നല്ലത് ബ്ലേഡുകാരൻ എന്നുപറഞ്ഞാണ് കുട്ടനാട്ടിൽ വന്നത്. ദേശീയ പാർട്ടികൾ ഇനിയെങ്കിലും ചിന്തിക്കണം. ഈർക്കിൽ പാർട്ടികളെ ഒഴിവാക്കണം. കുട്ടനാട് കോൺഗ്രസും സി.പി.എമ്മും മാത്രമേയുള്ളു. അവർ തങ്ങളുടെ സ്ഥാനാർഥികളെ നിർത്താൻ തയ്യാറാകണം. ഈർക്കിൽ പാർട്ടികളെ ഒഴിവാക്കണം. നാടിന് ഒരു ഗുണവും ഇവരെക്കൊണ്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പുതന്നെ ആവശ്യമില്ലാത്തതാണ്. 11 മാസമേ വേണ്ടൂ പൊതുതിരഞ്ഞെടുപ്പിന്. അത്രയും നാളത്തേക്കായി ഇപ്പോൾ ഒരു തിരഞ്ഞെടുപ്പും ബഹളവുമെല്ലാം എന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. Content Highlights:vellappally natesan on kuttanad by-election


from mathrubhumi.latestnews.rssfeed https://ift.tt/2Ts1Paz
via IFTTT