Breaking

Tuesday, February 25, 2020

ദുരിതക്കയത്തില്‍ ഒരു വര്‍ഷം; അദ്വൈതിന് ‘ആടുജീവിത’ത്തിൽനിന്നു മോചനം

വിതുര:ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ നജീബിനെപ്പോലെ ദുരിതമനുഭവിച്ച മലയാളി യുവാവിന് നോർക്കയുടെ സമയോചിതമായ ഇടപെടലിലൂടെ മോചനം. സ്പോൺസറുടെ ചതിയിൽപ്പെട്ട് മാസങ്ങളോളം സൗദി അറേബ്യയിലെ മണലാരണ്യത്തിൽ അകപ്പെട്ട വിതുര, കൊപ്പം വിഷ്ണുവിഹാറിൽ വി.അദ്വൈതാ(22)ണ് തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിയത്. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വിസയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 27-നാണ് അദ്വൈത് കുവൈത്തിലെത്തിയത്. സ്പോൺസറുടെ വാഹനങ്ങൾ കൈകാര്യംചെയ്യുകയായിരുന്നു ആദ്യ ജോലി. കുറച്ചു ദിവസത്തിനു ശേഷം സ്പോൺസറുടെതന്നെ റിയാദിലുള്ള ഫാമിൽ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കാനുള്ള ജോലിനൽകി. മണലാരണ്യത്തിലെ കൂടാരത്തിൽ കുടിവെള്ളമോ നല്ല ഭക്ഷണമോയില്ലാതെ രണ്ടുമാസത്തോളം കഴിയേണ്ടിവന്നു. ഒട്ടകത്തിനു നൽകുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. വീടുമായി ബന്ധപ്പെടാൻ ആകെയുണ്ടായിരുന്ന മാർഗം വാട്സാപ്പ് മാത്രമായിരുന്നു. തുടർന്ന് ജനുവരി 18-ന് അദ്വൈതിന്റെ അച്ഛൻ നോർക്ക അധികൃതർക്കു പരാതിനൽകി. മൊബൈൽ സന്ദേശത്തിൽ വീട്ടിലേക്കയച്ച ഗൂഗിൾമാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധപ്രവർത്തകർക്ക് അദ്വൈതിനെ മണലാരണ്യത്തിൽനിന്നു കണ്ടെത്താനായത്. നോർക്ക റൂട്ട്സിനു ലഭ്യമായ പരാതിയെത്തുടർന്ന് അധികൃതർ സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും അദ്വൈതിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി ദമാമിലെ സന്നദ്ധപ്രവർത്തകനായ നാസ് ഷൗക്കത്തലിയുമായി നിരന്തരം ബന്ധപ്പെട്ടു. തുടർന്ന് നോർക്ക റൂട്ട്സ് അദ്വൈതിന് വിമാനടിക്കറ്റെടുത്ത് നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്വൈതിനെ നോർക്ക റൂട്ട്സ് അഡ്മിനിട്രേറ്റീവ് ഓഫീസർ എൻ.വി.മത്തായി, പബ്ലിക് റിലേഷൻ ഓഫീസർ ഡോ. സി.വേണുഗോപാൽ എന്നിവർ സ്വീകരിച്ചു. നോർക്കയുടെ സേവനമാണ് മകനെ തിരിച്ചുകിട്ടാൻ കാരണമായതെന്ന് അദ്വൈതിന്റെ അച്ഛൻ എസ്.ആർ.വേണുകുമാറും അമ്മ ബിന്ദുവും പ്രാർഥനയോടെ പറഞ്ഞു. സംസ്ഥാന സർക്കാരിനും നോർക്കയ്ക്കും അദ്വൈത് നന്ദി പറഞ്ഞു. Content Highlights:Man struck Saudi Arabia get relief, keralite, Advaith


from mathrubhumi.latestnews.rssfeed https://ift.tt/382d4fu
via IFTTT