Breaking

Saturday, February 29, 2020

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ വിജയഗോളടിച്ച് മമ്പാടുകാരന്‍

മുംബൈ: മലപ്പുറം മമ്പാടുകാരൻ റഷീദിന് ഇത് മറക്കാൻകഴിയാത്ത ദിനമാണ്. 15-കാരനായ ഈ ഫുട്ബോൾതാരം റിലയൻസ് ടീമിനുവേണ്ടി ഒരുപാട് ഗോളടിച്ചിട്ടുണ്ട്. എന്നാൽ, വെള്ളിയാഴ്ച അടിച്ച ഗോൾ ചെറുതല്ല. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേയാണ്. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സും മഞ്ചെസ്റ്റർ യുണൈറ്റഡും തമ്മിൽ ഖൻസോളിയിലെ ആർ.സി.പി. ഫുട്ബോൾ ഗ്രൗണ്ടിൽനടന്ന മത്സരത്തിലാണ് റഷീദ് സി.കെ. ഗോളടിച്ചത്. ഈ ഗോളിൽ റിലയൻസ് ജയിക്കുകയും ചെയ്തു. പ്രതിരോധനിരക്കാരൻ ശുഭം ഭട്ടാചാര്യ ബോക്സിലേക്ക് നീട്ടിക്കൊടുത്ത പന്ത് മാഞ്ചെസ്റ്ററിന്റെ ഗോളി ആദമിന് ഒരവസരവും നൽകാതെയാണ് റഷീദ് വലയിലേക്ക് തൊടുത്തത്. അണ്ടർ-15 ടീമാണെങ്കിലും ജയം ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ടീമിനെതിരേയാണെന്നത് ഗാലറിയെ ആവേശക്കൊടുങ്കാറ്റിലേക്ക് ഉയർത്തി. റഷീദിനെ സഹകളിക്കാർ ഒന്നിച്ചുയർത്തിയാണ് ഗോൾ ആഘോഷിച്ചത്. മത്സരത്തിലുടനീളം മുംബൈ ടീം മുന്നിലായിരുന്നു. മധ്യനിരയിൽ റഷീദും കൂട്ടുകാരും ഉണർന്നുകളിച്ചപ്പോൾ മാഞ്ചെസ്റ്റർ ശരിക്കും വിയർത്തു. ഒന്നാംപകുതി അവസാനിക്കാൻ പത്തുമിനിറ്റോളം ബാക്കി നിൽക്കുമ്പോഴാണ് വിധിനിർണയിച്ച ഗോൾ പിറന്നത്. പകുതി അവസാനിക്കുന്നതിനുമുമ്പുതന്നെ മുംബൈ ടീം രണ്ടവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാംപകുതിയുടെ അവസാനഭാഗത്തുമാത്രമാണ് മാഞ്ചെസ്റ്റർ ഒന്നുണർന്നത്. മധ്യനിര പിന്നിലേക്കുകടന്ന് അതിർത്തികാത്തതോടെ അവർ പരാജയം സമ്മതിച്ച് മടങ്ങുകയായിരുന്നു. മമ്പാട് എ.എം.യു.പി. സ്കൂളിൽ പഠിച്ച റഷീദ് മൂന്നുവർഷമായി മുംബൈയിൽ റിലയൻസ് അക്കാദമിയിൽ പഠിക്കുന്നു. ഇതിനിടയിൽ ഇംഗ്ലണ്ടിലും സ്പെയിനിലും കളിക്കാൻ അവസരംലഭിച്ച റഷീദിന്റെ സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുകയാണ്. ഇനിയെന്താണെന്നറിയില്ല. ഇതൊന്നും ചിന്തിക്കാൻകൂടി കഴിയുന്നതല്ല. ഇത്രയൊക്കെ സൗകര്യങ്ങളോടെ കളിപഠിക്കുകയെന്നത് വലിയ കാര്യമല്ലേ. നാളെ നാട്ടിലേക്ക് തിരിക്കും -റഷീദ് പറയുന്നു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ചെൽസി എഫ്.സി.യാണ് ജേതാക്കളായത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് രണ്ടാംസ്ഥാനം നേടിയപ്പോൾ റിലയൻസ് മൂന്നാംസ്ഥാനവും എഫ്.സി.ഗോവ നാലാം സ്ഥാനത്തുമെത്തി. സതാംപ്ടൺ, ബെംഗളൂരു എഫ്.സി. എന്നിവരാണ് അവസാനസ്ഥാനങ്ങളിലെത്തിയത്. Content Highlights: reliance foundation young champs Manchester United under 15


from mathrubhumi.latestnews.rssfeed https://ift.tt/2T9AkUA
via IFTTT