തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാദേശിക വിഷയങ്ങളുടെ വിധിനിർണയമാണെന്ന ബോധ്യത്തോടെ പ്രവർത്തനത്തിനിറങ്ങാൻ സി.പി.എം. ചട്ടപ്പടിപ്രവർത്തനമല്ല ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന വിശ്വാസമാണ് ബൂത്തുതലത്തിൽ ഉണ്ടാകേണ്ടത്. ഇതിനുള്ള കർമപദ്ധതികൾ തയ്യാറാക്കി താഴേത്തട്ടുവരെ എത്തിക്കാനുള്ള ശില്പശാലകൾ തുടങ്ങി. സർക്കാരിന്റെ പദ്ധതികൾ ജനകീയമാണെന്ന ബോധം എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് പാർട്ടിയും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ അംഗങ്ങളും ചെയ്യേണ്ടത്. കക്കൂസുകളുടെ നിർമാണം, വിശപ്പുരഹിത നഗരം പദ്ധതി, കുറഞ്ഞവിലയ്ക്കുള്ള ഭക്ഷണശാലകൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റെടുത്ത് നടപ്പാക്കാനും വേഗത്തിൽ പൂർത്തിയാക്കാനുമുള്ള ജാഗ്രത പാർട്ടിതലത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിലും വേണമെന്നാണു സി.പി.എം. നിർദേശം. തിരഞ്ഞെടുപ്പ് കർമപദ്ധതികൾ വിശദീകരിക്കാനും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കാനുമായാണ് ശില്പശാല. മാർച്ച് ഏഴിന് ജില്ലാതലത്തിലും 15-നകം ഏരിയാതലത്തിലും 31-നകം പഞ്ചായത്ത് തലത്തിലും ശില്പശാലകൾ പൂർത്തിയാക്കും. വോട്ടർപട്ടിക സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീർപ്പ് അനുസരിച്ച് ഇടപെടാൻ സജ്ജമാകണമെന്നാണു നിർദേശിച്ചിട്ടുള്ളത്. പുതിയ വോട്ടർമാരെ ചേർക്കാൻ പരമ്പരാഗത രീതിയിൽനിന്നു മാറിയാണ് ഇടപെടൽ. പേരുചേർക്കാൻ സാങ്കേതിക സഹായമൊരുക്കണം. ഒരു ബൂത്തിൽ ഒരു ലാപ്പ്ടോപ് എങ്കിലും ഇതിന് ഉപയോഗിക്കാനാകും. അതിനു കഴിഞ്ഞില്ലെങ്കിൽ മൊബൈൽ ഫോൺ വഴിയെങ്കിലും പേരുചേർത്ത് നൽകണമെന്നാണു നിർദേശിച്ചിട്ടുള്ളത്. Content Highlights:cpm preparations for local body election
from mathrubhumi.latestnews.rssfeed https://ift.tt/3a6bmeq
via
IFTTT