കൊല്ലം:കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കുട്ടിയുടെ വീട്ടിൽ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണന്നും നാട്ടുകാർ പറഞ്ഞു. ദേവനന്ദയുടെ പോസ്റ്റുമോർട്ടം ഉടൻ നടത്തുമെന്നും പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മണൽവാരിയുണ്ടാക്കിയ കുഴികൾ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചിൽ വിഫലമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഒന്നാം ക്ലാസ്സുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് സമീപത്തെ ഇത്തിക്കര ആറ്റിൽനിന്നും കണ്ടെടുത്തത്. മുങ്ങൽ വിദഗ്ദ്ധർ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ കുട്ടിയുടെ മൃതദേഹം കാണാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. Content Highlights: Locals say there was a mystery over Devanandas death
from mathrubhumi.latestnews.rssfeed https://ift.tt/2T500Bu
via
IFTTT