ന്യൂഡൽഹി: 38 പേർ മരിക്കാനിടയായ ഡൽഹി കലാപം നിയന്ത്രിക്കാൻ 70 കമ്പനി അർധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 100 പേരുൾപ്പെടുന്ന 70 കമ്പനി അർധസൈനികരെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ എത്തിച്ചിട്ടുള്ളത്. ഡൽഹി പോലീസിന്റെ നിയന്ത്രണത്തിൽ തന്നെയാണ് സുരക്ഷാവിന്യാസം. സംശയിക്കപ്പെടുന്ന 514 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ എണ്ണം വർധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ലയുടേയും ഡൽഹി പോലീസ് കമ്മീഷണർ അമുല്യ പട്നായിക്കിന്റെയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. അതേ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പരാമർശമുണ്ടായില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ അജിത് ഡോവൽ രണ്ടു തവണ കലാപ മേഖലകൾ സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ ആകെയുള്ള 203 പോലീസ് സ്റ്റേഷനുകളിൽ 12 സ്റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ 36 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകൾ വിശ്വസിക്കരുത്. സാമുദായിക സംഘർഷങ്ങളുണ്ടാക്കാൻ താത്പര്യപ്പെടുന്ന ഗ്രൂപ്പുകളുടെ കെണിയിൽ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങൾ ഉൾപ്പെടുന്ന സമാധാന സമിതികൾ രൂപീകരിച്ച് വരുന്നുണ്ട്. ഇവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് ജനങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിലെ ആളുകളെ ഈ സമാധാന കമ്മിറ്റികൾ സന്ദർശിക്കുന്നുണ്ട്. റോഡുകളും മറ്റും ശുചീകരിക്കുന്ന നടപടികളും പുരോഗമിക്കുന്നു. കേടുപാടുകൾ വന്ന പൊതുസ്ഥാപനങ്ങൾ സാധാരണ നിലയിലാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. Content Highlights:70 companies paramilitary soldiers deployed in Delhi-no major incident in 36 hours-Home Ministry
from mathrubhumi.latestnews.rssfeed https://ift.tt/3chguyc
via
IFTTT