തിരുവനന്തപുരം: സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെചൊല്ലി ബിജെപിയിൽ രാജി തുടരുന്നു. കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിർണയത്തിൽ തിരുവനന്തപുരത്ത് പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം എസ്.മഹേഷ് കുമാർ രാജിവെച്ചു. തിരുവന്തപുരം മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ കിട്ടിയ നേതാവിനെ ഭാരാവാഹി നിർണയത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിർണയമെന്നും മഹേഷ് കുമാർ പറഞ്ഞു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിർണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പ്രസിഡന്റുമാരെ നിയമിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പിൽ വലിയശാല പ്രവീണാണ് ഒന്നാമത് എത്തിയത്. എന്നാൽ ഇയാളെ മാറ്റിനിർത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗൺസിലർ കൂടിയായ എസ്.കെ.പി.രമേശിനെയാണ് പ്രസിഡന്റാക്കിയത്. ഇതോടെ മണ്ഡലത്തിലെ പി.കെ.കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മറ്റു മണ്ഡലങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിർണയിച്ചത്. സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നു. 200 ഓളം പേർ പാർട്ടിയിൽ നിന്ന് രാജിവെക്കാനൊരുങ്ങുകയാണ് എസ്.മഹേഷ് കുമാർ പറഞ്ഞു. അതേ സമയം മണ്ഡലം ഭാരവാഹിത്വത്തിൽ ഉൾപ്പെടാത്തവരെ ജില്ലാതലത്തിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നേരത്തെ കാസർകോട് ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ നാലാമതും തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ രാജിവെച്ചിരുന്നു. പാർട്ടിയിൽ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു. കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്. സുരേന്ദ്രന്റെ സ്ഥാനരോഹണത്തിലടക്കം പോലും മുതിർന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. Content Highlights:BJP- Yuva Morcha state committee member also resigned afterr Raveesha Tantri kundar
from mathrubhumi.latestnews.rssfeed https://ift.tt/2TfSQcv
via
IFTTT