Breaking

Saturday, February 29, 2020

കൊറോണ പടരുന്നത് 57 രാജ്യങ്ങളില്‍

ബെയ്ജിങ്: കൊറോണവൈറസ് (കോവിഡ്-19) ഇതുവരെ 57 രാജ്യത്തായി ബാധിച്ചത് 83,896 പേർക്ക്. 2867 പേർ മരിച്ചു. ഇതിൽ 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയിൽ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേർക്കാണ് ചൈനയിൽ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 36,839 പേർ അസുഖംമാറി ആശുപത്രിവിട്ടു. 8091 പേർ ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. നടപടി വൈകിപ്പിച്ചതിൽ പ്രതിഷേധം ഡിസംബറിൽ വൈറസ്ബാധ റിപ്പോർട്ടുചെയ്തയുടൻ പ്രതിരോധനടപടികൾ ശക്തമാക്കാത്തതാണ് ചൈനയിൽ സ്ഥിതി ഇത്രയും മോശമാക്കിയതെന്ന് വീണ്ടും ആരോപണമുയരുന്നു. ആരോഗ്യവിദഗ്ധരും ജനങ്ങളുമാണ് അധികൃതരുടെ മെല്ലെപ്പോക്കിനെതിരേ പ്രതിഷേധിക്കുന്നത്. വൈറസ് ബാധ ആരംഭത്തിൽ മൂടിവെക്കാൻ അധികൃതർ ശ്രമിച്ചതായാണ് ആരോപണം. തുടക്കത്തിലെ നുള്ളിക്കളയേണ്ട വൈറസാണ് ജനുവരിയിൽ നിയന്ത്രണം വിട്ടതെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്തു. അതേസമയം, 18 നഗരങ്ങൾ അടച്ച് അഞ്ചുലക്ഷത്തോളം പേരെ പൊതു ഇടങ്ങളിൽനിന്ന് മാറ്റിനിർത്തി ചൈന സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെ ലോകാരോഗ്യസംഘടന സ്വാഗതം ചെയ്യുകയായിരുന്നു. വൈറസ് സബ്സഹാറ ആഫ്രിക്കൻ മേഖലയിലേക്കും എത്തിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. നൈജീരിയയിലാണ് പുതുതായി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മെക്സിക്കോവിലും വൈറസ് ബാധ റിപ്പോർട്ടുചെയ്തു. ഇറാനിൽ മരണം 34 ആയി ഇറാനിൽ 388 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 34 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. മധ്യേഷ്യയിൽ വിവിധരാജ്യങ്ങളിലായി ആകെ 500 പേർക്കാണ് വൈറസ് ബാധ. ചൈനയ്ക്കുപുറത്ത് കൂടുതൽ ഇറാനിലാണ്. ഇതേത്തുടർന്ന് അധികൃതർ വെള്ളിയാഴ്ച പ്രാർഥന നിരോധിച്ചു. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. പുറത്തുവന്നതിനെക്കാൾ എത്രയോ കൂടുതലാണ് ഇറാനിലെ യഥാർഥ കണക്കെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ഇറാനിൽ വൈറസ് എങ്ങനെ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്. വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കർ, ആരോഗ്യമന്ത്രി ഇറാജ് ഹരീർച്ചി എന്നിവർക്കും രണ്ട് പാർലമെന്റ് അംഗങ്ങൾക്കും കഴിഞ്ഞദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. Content Highlights:coronavirus infected in 57 countries


from mathrubhumi.latestnews.rssfeed https://ift.tt/2I6noby
via IFTTT