ന്യൂഡൽഹി: ശബരിമല വിശാല ബെഞ്ചിന് മുമ്പാകെ നടക്കുന്ന വാദം കേൾക്കൽ പൂർത്തിയായാൽ ഉടൻ ഹിന്ദുത്വം നിർവചിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1995 ലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഹിന്ദുത്വം മതമല്ല എന്നും പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയും ആണെന്ന് വിധിച്ചത്. ഈ നിർവചനം ആണ് സുപ്രീം കോടതി പുനഃപരിശോധിക്കുക. ഹിന്ദുത്വം, ഹിന്ദു എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും, പ്രസംഗത്തിലും ഉപയോഗിച്ചാലും ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരമുള്ള അയോഗ്യത ഉണ്ടാകില്ല എന്നായിരുന്നു 1995 ൽ സുപ്രീം കോടതി വിധിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിന്ദുത്വം ഉപയോഗിക്കുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കണമോ എന്ന കാര്യത്തിൽ ആണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉടൻ വാദം കേൾക്കൽ ആരംഭിക്കുന്നത്. അഭിരാം സിങ്ങിന്റെ കേസിൽ, 1991 ൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരെ നൽകിയ ഹർജിയിലെ വാദം കേൾക്കൽ വേഗത്തിലാക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ ആണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഹിന്ദുത്വ നിർവചനം സംബന്ധിച്ച കേസിലെ വാദം കേൾക്കൽ ഉടൻ ആരംഭിക്കും എന്ന് വ്യക്തമാക്കിയത്. മൂന്ന് പതിറ്റാണ്ട് ആകാറായിട്ടും തിരഞ്ഞെടുപ്പ് കേസിൽ നീതി ലഭിക്കാത്തത് നീതി നിഷേധം ആണെന്ന് അഭിരാം സിംഗിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1990 ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അഭിരാം സിങ്ങിന്റെ വിജയം ബോംബെ ഹൈക്കോടതി 1991 ൽ റദ്ദാക്കി. ഹിന്ദു മതം വോട്ട് തേടാൻ ഉപയോഗിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ആയിരുന്നു തിരഞ്ഞെടുപ്പ് റദ്ദാക്കൽ. ഇതിന് എതിരെ അഭിറാം സുപ്രീം കോടതിയെ സമീപിച്ചു. 1992 ഏപ്രിൽ 16 ന് സിങ്ങിന്റെ ഹർജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അഭിറാം സിങ്ങിന്റെ ഹർജി കോടതിയുടെ പരിഗണനയിൽ ഇരുന്ന കാലഘട്ടത്തിലാണ് മറ്റൊരു തിരഞ്ഞെടുപ്പ് ഹർജിയിൽ ഹിന്ദുത്വം സംബന്ധിച്ച വിവാദ നിർവചനം ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ എസ് വർമ്മയുടെ അധ്യക്ഷയിൽ ഉള്ള ബെഞ്ച് നടത്തിയത്. ഈ വിധിക്ക് എതിരെയും സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജികൾ ഫയൽ ചെയ്തിരുന്നു. 2014 ൽ എല്ലാ ഹർജികളും ജസ്റ്റിസ് ആർ എം ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. 2016 ൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിൽ ഉള്ള ഏഴംഗ ബെഞ്ചിന് മുമ്പാകെ ഹിന്ദുത്വ നിർവചന വിധിയും അഭിറാം കേസും പുനഃപരിശോധിക്കണം എന്ന ആവശ്യം വന്നിരുന്നു. എന്നാൽ പരിഗണന വിഷയത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ ബെഞ്ച് ആ ആവശ്യം നിരാകരിക്കുകയായിരുന്നു. ശബരിമല വിശാല ബെഞ്ച് 16 ന് പുനരാരാംഭിക്കും ശബരിമല വിശാല ബെഞ്ചിന്റെ നടപടികൾ ഹോളി അവധിക്ക് ശേഷം മാർച്ച് 16 ന് പുനരാരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും കോടതി വാദം കേൾക്കും. ഫെബ്രുവരി 17 ന് ഒൻപതംഗ ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചിരുന്നു എങ്കിലും ജസ്റ്റിസ് ആർ ഭാനുമതിക്ക് പന്നി പനി ബാധിച്ചതിനെ തുടർന്ന് വാദം കേൾക്കൽ നിർത്തി വച്ചിരുന്നു. 10 ദിവസം വാദം കേൾക്കൽ നീണ്ടു നിൽക്കും എന്നാണ് വിശാല ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് ശേഷം ഹിന്ദുത്വ നിർവചനം പുനഃപരിശോധിക്കുന്ന ഹർജികൾ പരിഗണിക്കും എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. Content Highlights: SC will review definition of Hindutva
from mathrubhumi.latestnews.rssfeed https://ift.tt/32D7TS6
via
IFTTT