Breaking

Thursday, February 27, 2020

താജ്മഹലും കഥാപാത്രങ്ങളും തയ്യാർ; എവിടെ നീ നൗഷാദ്?

കോഴിക്കോട്:ഊണിലും ഉറക്കത്തിലും സിനിമമാത്രം ശ്വസിച്ച് നിശ്വസിച്ച്, സെറ്റുകളിൽ കയറിയിറങ്ങി, ഒടുവിൽ 'താജ്മഹൽ' എന്നപേരിൽ തിരക്കഥ എഴുതി പൂർത്തിയാക്കി എങ്ങോമറഞ്ഞ അബ്ദുൾ നൗഷാദ്. 2017-ൽ കണ്ണൂരിലെ വീട്ടിൽനിന്നുപോയ നൗഷാദിനെ കണ്ടോയെന്നുചോദിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോസ്റ്റൊറൊടിക്കുന്ന മൂന്ന് സഹോദരിമാർ. ഇവരുടെ അന്വേഷണം തുടരുന്നതിനിടെ അമൂല്യമായ ഒരു വസ്തു അവരെത്തേടിയെത്തി: നൗഷാദ് ഉള്ളവും ഉയിരുംകൊടുത്ത് എഴുതിയ 'താജ്മഹൽ' എന്ന തിരക്കഥ. എറണാകുളത്തെ ഹൈക്കോടതി ജങ്ഷനിലെ ഡി.ടി.പി. സെന്ററിൽനിന്നാണ് ഇളയ സഹോദരി ഷെമിക്ക് തിരക്കഥ കിട്ടിയത്. ഷാജഹാനായി ദിലീപിനെയും മുംതാസായി പാർവതി തിരുവോത്തിനെയും (അല്ലെങ്കിൽ അപർണ) മനസ്സിൽക്കണ്ടെഴുതിയ തിരക്കഥ. 2017-ൽ നൗഷാദുതന്നെയാണ് ഇതേൽപ്പിച്ചതെന്ന് ഡി.ടി.പി. സെന്ററുകാർ കുടുംബത്തോട് പറഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമ്പോൾ മടക്കിത്തന്നാൽ മതിയെന്നും പറഞ്ഞു. നൗഷാദിനെത്തേടി സഹോദരിമാർ പോവാത്ത സ്ഥലങ്ങളില്ല. മാതൃഭൂമി'യിൽവന്ന വാർത്തയും സാമൂഹികമാധ്യമങ്ങളിലെ അറിയിപ്പുകളുംകണ്ട് പലയിടങ്ങളിൽനിന്ന് വിളികൾവന്നു. ഓച്ചിറയിൽക്കണ്ടു, തിരുനക്കര കണ്ടു, തിരുവനന്തപുരത്ത് കണ്ടു.. ഓടിച്ചെന്നുനോക്കി. നിരാശയായിരുന്നു ഫലം. ഇതിനിടെ പാലക്കാട്ടുനിന്ന് ഒരു പോലീസുകാരന്റെ ഫോൺ നൗഷാദിന്റെ സുഹൃത്തിനുവന്നതായി കുടുംബം ഓർക്കുന്നു. അയാൾ ഈ വിവരം നൗഷാദിന്റെ നാട്ടിലുള്ള സുഹൃത്തിനോട് വിളിച്ചുപറഞ്ഞു. എന്നാൽ, ഇക്കാര്യം നൗഷാദിന്റെ വീട്ടുകാരെ അറിയിക്കാൻ അയാൾ വിട്ടുപോയി. അടുത്തകാലത്ത് ഈ വിവരമറിഞ്ഞ് കുടുംബം പാലക്കാട്ടുപോയി അന്വേഷിച്ചെങ്കിലും ആ പോലീസുകാരനെ കണ്ടെത്താനായില്ല. ദുബായിയിലുള്ള ഭർത്താവിന്റെയും മക്കളുടെയും അടുത്തേക്ക് പോവാൻ തീരുമാനിച്ചതിന്റെ തൊട്ടുതലേന്നാണ് ഷെമിക്ക് തിരക്കഥ കിട്ടിയെന്ന് എറണാകുളത്തുനിന്ന് ഫോൺവന്നത്. സഹോദരന്റെ കൈപ്പടപതിഞ്ഞ തിരക്കഥ. അതെ, കഥയും തിരക്കഥയും കഥാപാത്രങ്ങളുമെല്ലാം തയ്യാറാണ് -പക്ഷേ, തിരക്കഥാകൃത്ത് എവിടെ? ഇത് താജ് ഭവനം 'ഇത് താജ് ഭവനം! നാളെ ചെറിയ പെരുന്നാളാണ്. അതിന്റെ ആഘോഷത്തിലാണ് ഈ തറവാട്....' നൗഷാദിന്റെ തിരക്കഥ തുടങ്ങുന്നത് ഈ വിവരണത്തോടെയാണ്. ദിലീപിന്റെ കടുത്ത ആരാധകനായിരുന്നു നൗഷാദ്. ദിലീപിനെത്തന്നെയാണ് നായകനായി സങ്കല്പിച്ചത്. ഇതിനുപുറമെ, മുകേഷ്, മധു, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, സലിംകുമാർ, മാമുക്കോയ, ഹരിശ്രീ അശോകൻ, ലാൽ, നെടുമുടി വേണു, പ്രേംകുമാർ, വിനയ് ഫോർട്ട് തുടങ്ങി വലിയ താരനിരയും. ദിലീപുമായി ബന്ധപ്പെട്ട കേസ് സജീവമായ സമയത്തുതന്നെയാണ് നൗഷാദ് അപ്രത്യക്ഷനായത്. സങ്കല്പത്തിലെ നായകനെ സിനിമയിൽ സഹകരിപ്പിക്കാൻ സാധിക്കാത്ത ദുഃഖവും നൗഷാദിനുണ്ടായിരുന്നിരിക്കണമെന്ന് കുടുംബം സംശയിക്കുന്നു. മാമുക്കോയയും കണ്ടിരുന്നു ആ തിരക്കഥ 'താജ്മഹലിന്റെ തിരക്കഥ പകുതിയായപ്പോൾ അത് എനിക്ക് വായിച്ചുതന്നിരുന്നു. മുഴുവനായിട്ട് ഒന്നുകൂടി വായിക്കാമെന്ന് പറഞ്ഞുപോയതാണ്. പിന്നെ കണ്ടിട്ടില്ല' -നടൻ, മാമുക്കോയ Content Highlights:Abdul Noushad missing case finishing after script for Movie Taj Mahal, Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/32vQgDv
via IFTTT