Breaking

Tuesday, February 25, 2020

20 കോടി ചെലവിൽ നിർമിച്ച ആസ്പത്രിക്കെട്ടിടത്തിനുമുന്നിൽ സി.പി.എം. കൊടിനാട്ടി

കാഞ്ഞങ്ങാട്: പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ ചേർന്ന് 20 കോടിയിലധികം മുതൽമുടക്കി ആസ്പത്രിക്കുവേണ്ടി നിർമിച്ച ബഹുനിലക്കെട്ടിടത്തിനുമുമ്പിൽ പ്രദേശത്തെ സി.പി.എം. പ്രവർത്തകർ ചെങ്കൊടിനാട്ടി. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ വെള്ളായിപ്പാലം റോഡരികിലാണ് കെട്ടിടം. നിർമാണം അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് കഴിഞ്ഞദിവസം ഒരുസംഘം പാർട്ടിക്കാരെത്തി ചെങ്കൊടിനാട്ടിയത്. എന്നാൽ, ഈ പ്രദേശം ഉൾപ്പെടുന്ന പാർട്ടി ലോക്കൽ കമ്മിറ്റി അറിയാതെയാണ് കൊടിനാട്ടിയതെന്ന് സെക്രട്ടറി എൻ.ഗോപി പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ചചെയ്തിട്ടില്ലെന്ന് സെക്രട്ടറി സേതു കുന്നുമ്മലും പറഞ്ഞു. പ്രദേശം വയൽഭൂമിയാണെന്ന വാദമാണ് ചെങ്കൊടിനാട്ടിയവർ ഉന്നയിക്കുന്നത്. 2013-ലാണ് കാഞ്ഞങ്ങാട് നഗരസഭ കെട്ടിടം നിർമിക്കാൻ അനുമതിനൽകിയത്. കൃഷിചെയ്യാത്ത തരിശുപാടമെന്ന് വ്യക്തമായതിനാലാണ് അന്ന് അനുവാദംനൽകിയത്. അന്ന് യു.ഡി.എഫായിരുന്നു നഗരഭരണം. തുടർന്ന് സി.പി.എമ്മിന് നഗരഭരണം കിട്ടിയെങ്കിലും കെട്ടിടനിർമാണത്തിന്റെ തുടർനടപടി തടസ്സപ്പെടുത്തുകയോ വയൽഭൂമിയാണെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തിരുന്നില്ല. ഇടയ്ക്കിടെ പ്രദേശത്തുകാരിൽ ചിലരുടെ തടസ്സമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിർമാണം വൈകിയതെന്നും പാർട്ണർമാരിലൊരാളായ ഡോ. എം.എ.നിസ്സാർ പറഞ്ഞു. നൂറുകോടിയിലേറെ മുതൽമുടക്കി ജില്ലയിലെതന്നെ ഏറ്റവുംവലിയ സ്വകാര്യ ആസ്പത്രി നിർമിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു ഉടമകൾ. 84 സെന്റ് സ്ഥലമാണുള്ളത്. അഞ്ചുനിലക്കെട്ടിടമാണ് പണിതത്. ചുറ്റിലും വീടും മറ്റുകെട്ടിടങ്ങളുമുള്ള സ്ഥലമാണിത്. ബ്രാഞ്ച് കമ്മിറ്റിക്കോ ലോക്കൽ കമ്മിറ്റിക്കോ അറിയില്ലെങ്കിൽപ്പിന്നെങ്ങനെയാണ് ചെങ്കൊടി ഉയരുകയെന്നതാണ് ചോദ്യം.


from mathrubhumi.latestnews.rssfeed https://ift.tt/3913Cdq
via IFTTT