Breaking

Wednesday, February 26, 2020

ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 23 ആയി, സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച്ച അവധി

മനാമ: ബഹ്റൈനിൽ 6 പേർക്കുകൂടി കൊറോണ വൈറസ് ബാധിച്ചതോടെ ആകെ 23 പേർക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതർ വെളിപ്പെടുത്തി. ഇറാനിൽ നിന്നു ഷാർജ വഴി ബഹ്റൈനിലെത്തിയതായിരുന്നു ഇവർ. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടെയുള്ള ഈ 6 പേരെ സൽമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്മ്യൂണിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാൻ എല്ലാ കരുതൽ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം ആവർത്തിച്ചു. ഇതിനിടെ രാജ്യത്തെ സർക്കാർ സ്കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. അതേസമയം, സർക്കാർ നിർദേശമനുസരിച്ചു ഇന്ത്യൻ സ്കൂൾ നാളെ മുതൽ രണ്ടാഴ്ചക്കാലത്തേക്കു പ്രവർത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചതായും ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2w2heqm
via IFTTT