ന്യൂഡൽഹി: അർധസൈനികർ കാവലുറപ്പിച്ചതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ കുറഞ്ഞെങ്കിലും സംഘർഷത്തിന്റെ തീയണയാതെ വടക്കുകിഴക്കൻ ഡൽഹി. കലാപത്തിൽ മരിച്ചവരുടെ എണ്ണം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചാന്ദ്ബാഗ്, ശിവവിഹാർ, ബ്രിജ്പുരി മേഖലകളിൽ ബുധനാഴ്ച രാത്രി കടകങ്ങൾക്കും വാഹനങ്ങൾക്കും രണ്ടു സ്കൂളുകൾക്കും തീയിട്ടു. പ്രദേശത്തെ മസ്ജിദിനുനേരെയും അക്രമമുണ്ടായി. മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്കുമുന്നിൽ വരിനിന്നു. അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. Content Highlights:Delhi violence Death
from mathrubhumi.latestnews.rssfeed https://ift.tt/2VqiY7n
via
IFTTT