ദുബായ്: ഇറാനിൽ കൂടുതൽപ്പേർക്ക് കൊറോണ വൈറസ്(കോവിഡ്-19)ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽനടപടികൾ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസും ചൊവ്വാഴ്ചമുതൽ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിർത്തിവെച്ചു. അതേസമയം, ദുബായിൽനിന്നും ഷാർജയിൽനിന്നുമുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ 48 മണിക്കൂർനേരത്തേക്ക് ബഹ്റൈൻ നിർത്തിവെച്ചിരുന്നു. വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈൻ വ്യോമയാനവകുപ്പ്(സി.എ.എ.) 'ട്വീറ്റ്'ചെയ്തു. ഗൾഫ് മേഖലയിലുടനീളം 110 പേർക്കാണ് നിലവിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇറാനിൽ 50 പേർ ഈ മാരകവൈറസ് ബാധിച്ച് മരിച്ചു. എന്നാൽ, 15 പേർമാത്രമാണ് മരിച്ചതെന്നും 61 പേർക്ക് വൈറസ് ബാധയുണ്ടെന്നുമാണ് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ബഹ്റൈനിൽ 17, യു.എ.ഇ.യിൽ 13, കുവൈത്തിൽ എട്ട്, ഒമാനിൽ നാല്, ഇറാഖിൽ നാല്, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ ഓരോരുത്തർവീതവുമാണ് വൈറസ് ബാധിതരായിരിക്കുന്നത്. ഏറെപ്പേർ നിരീക്ഷണത്തിലുമാണ്. ചൈനകഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ജീവപായം സംഭവിച്ച രാജ്യമാണ് ഇറാൻ. ഗൾഫ് മേഖലയിലെ വ്യാപാര, ടൂറിസം മേഖലകൾ കടുത്ത ആശങ്കയിലാണ്. Content Highlights;Coronavirus: Gulf states suspend more flights
from mathrubhumi.latestnews.rssfeed https://ift.tt/32CG78l
via
IFTTT