Breaking

Thursday, February 27, 2020

പ്രളയ ദുരിതാശ്വാസ തുക തട്ടിപ്പ്‌: അന്വേഷണം അന്ന് ആളുമാറി കൊടുത്ത 8.15 കോടിയിലേക്കും

കാക്കനാട്: പ്രളയ ദുരിതാശ്വാസ തുക അനധികൃതമായി സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആളുമാറി കൊടുത്ത കോടികളിലേക്ക്.2019-ൽ പ്രളയ ദുരിതബാധിതർക്ക് ദുരിതാശ്വാസ നിധിയിൽനിന്നു പണം വിതരണം ചെയ്തപ്പോൾ സാങ്കേതിക തകരാറിനെ തുടർന്ന് ആളുമാറി കൊടുത്തത് 8.15 കോടി രൂപയാണ്. തിരിച്ചുപിടിച്ച ഈ തുകയിൽനിന്നാണ് കളക്ടറേറ്റ് ദുരിതാശ്വാസ വിഭാഗം സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദ് പ്രാദേശിക സി.പി.എം. നേതാവ് എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് 10.54 ലക്ഷം രൂപ ഇട്ടുകൊടുത്തത്.സ്വാഭാവികമായും അന്വേഷണ സംഘം ഇതിലെ അവശേഷിക്കുന്ന തുകയുടെ കണക്കുകളും വിവരങ്ങളുമാണ് ആദ്യം തേടുക. കൂടുതൽ പേർ തട്ടിപ്പിൽ കണ്ണികൾ ആവാനിടയുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം ഇത്തരത്തിലേക്ക് നീളുന്നത്. അൻവറിനെ കൂടാതെ എത്ര പേരിലേക്ക് തുക വകമാറ്റിയെന്ന വിവരം സംഘം വിശദമായി അന്വേഷിക്കും. ജില്ല ഭരണകൂടത്തിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി, മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണമെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്. ഡേറ്റാബേസ് തകരാറിനെ തുടർന്നാണ് അന്ന് മുന്നൂറിലേറെ കുടുംബങ്ങൾക്ക് നിശ്ചയിച്ചതിനെക്കാൾ രണ്ടര ലക്ഷം രൂപ അധികമായി സർക്കാർ അക്കൗണ്ടിൽനിന്ന് കൈമാറിയത്. അബദ്ധത്തിൽ കൈമാറിയ അധിക തുക തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ജില്ലാ കളക്ടർ ലീഡ് ബാങ്ക് മാനേജർക്ക് കത്തയയ്ക്കുകയും പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. അധിക പണം കിട്ടിയ 326 അക്കൗണ്ടുകളാണ് അന്ന് മരവിപ്പിച്ചത്. ഇങ്ങനെ തിരികെ പിടിച്ച തുകയിൽ ഭൂരിഭാഗവും ട്രഷറി അക്കൗണ്ടുകളിലേക്കാണ് എത്തിയിരിക്കുന്നത്.ഭാഗികമായി വീട് തകർന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിലാണ് പാളിച്ചയുണ്ടായത്. നിശ്ചയിച്ചതിനെക്കാൾ രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ കൂടുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇട്ടു. പ്രളയം ഏറെ നാശം വിതച്ച വടക്കൻ പറവൂർ, ആലുവ മേഖലകളിലുള്ളവരാണ് ഇവരിലേറെയും. പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങൾക്കു ശേഷം അബദ്ധം മനസ്സിലായതോടെയാണ് പണം തിരികെ പിടിക്കാൻ നടപടി ആവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജർക്ക് കളക്ടറുടെ കത്തെത്തിയത്. പണം തെറ്റായി അക്കൗണ്ടിലേക്ക് മാറിയെന്നാണ് കത്തിൽ കളക്ടർ സൂചിപ്പിച്ചിരുന്നത്.സി.പി.എം. നേതാവിന് സസ്‌പെൻഷൻ കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിനെയാണ് സസ്പെൻഡ്‌ ചെയ്തത്. ലോക്കൽ സെക്രട്ടറി സി.എൻ. അപ്പുക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രളയ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിനെ ജില്ലാ കളക്ടർ എസ്. സുഹാസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുഖം രക്ഷിക്കാൻ അൻവറിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തത്. സി.പി.എം. നിയന്ത്രണത്തിലുള്ള അയ്യനാടുള്ള സർവീസ് സഹകരണ ബാങ്കിലേക്ക് 10.54 ലക്ഷം രൂപ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയ്യനാട് ബാങ്കിന് ഐ.എഫ്.എസ്‌. കോഡ് ഇല്ലാത്തതിനാൽ അവരുടെ നിക്ഷേപമുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും പിന്നീട് അത് അയ്യനാട് ബാങ്കിലേക്ക് മാറ്റുകയുമായിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ അൻവർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ബാങ്ക് ജീവനക്കാരാണ് കളക്ടറേറ്റിൽ വിവരം അറിയിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2TmXx4B
via IFTTT