Breaking

Wednesday, February 26, 2020

ഉള്ളിലും പുറത്തും കനലടങ്ങാതെ തെരുവീഥികൾ

ന്യൂഡൽഹി: തിങ്കളാഴ്ചമുതലേ അടഞ്ഞുകിടക്കുകയാണ് ന്യൂ സിലംപുരിൽനിന്ന് ജാഫറാബാദിലേക്കു പോകുന്ന വഴി. പോലീസ് ബാരിക്കേഡുകൾ കൊണ്ടടച്ച റോഡിലൂടെ മാധ്യമപ്രവർത്തകരെമാത്രം പോകാൻ അനുവദിച്ചു. ഭയം പതിയിരിക്കുന്നതുപോലെ വിജനമായിരുന്ന വഴിയോരം. സിലംപുരിൽ നേരത്തേ പൗരത്വപ്രതിഷേധം നടന്ന പന്തൽ ഒഴിഞ്ഞുകിടക്കുന്നു. ജാഫറാബാദിൽ സമരം നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ആൾക്കൂട്ടം തടഞ്ഞു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് മാധ്യമപ്രവർത്തകരാണെന്നു സ്ഥിരീകരിച്ചശേഷം മുന്നോട്ടുപോകാൻ അനുമതി. പാലത്തിനു മുകളിൽനിന്നു നോക്കിയപ്പോൾ ദൂരെ കറുത്ത പുകപടലങ്ങളുയരുന്നത് കണ്ടു. അപ്പുറം മോജ്പുരാണ്. അവിടെ കടകൾക്കു തീവെച്ചിരിക്കുന്നു. “രണ്ടുമാസമായി ഞങ്ങളിവിടെ സമരമിരിക്കുന്നു. ഒരു പ്രശ്നവുമുണ്ടായില്ല. പക്ഷേ, കഴിഞ്ഞദിവസം ബി.ജെ.പി.നേതാവ് കപിൽ മിശ്ര വന്നു പ്രകോപനമുണ്ടാക്കി. അതിനുശേഷമാണ് ഈ അതിക്രമങ്ങളൊക്കെ. ഏതെങ്കിലും മതത്തിനെതിരേയല്ല, സർക്കാരിനെതിരേയാണ് ഞങ്ങളുടെ സമരം” -ഒരു ചെറുപ്പക്കാരന്റെ രോഷപ്രകടനം. സ്ത്രീകളടക്കമുള്ളവർ ആക്രമിക്കപ്പെട്ടതും പോലീസ് നോക്കിനിന്നതുമൊക്കെ ജനക്കൂട്ടത്തിനിടയിൽ നിന്നു പരിഭവങ്ങളായി പ്രവഹിച്ചു. സംഘർഷം ആളിക്കത്തിയ മോജ്പുരിലേക്ക് ഇവിടെനിന്ന് രണ്ടുകിലോമീറ്റർ തികച്ചില്ല. ജാഫറാബാദിൽനിന്ന് മോജ്പുരിലേക്കുള്ള വഴിയിൽ കനത്ത നിശ്ശബ്ദത. ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് വഴികൾ വേർതിരിച്ചു. ഇടയ്ക്കൊരു ഗുരുദ്വാര കോളനിയുണ്ട്. തിങ്കളാഴ്ച അക്രമം നടന്നപ്പോൾ ഇരുവിഭാഗത്തിലുള്ളവരും രക്ഷയ്ക്കായി ഓടിയെത്തിയത് ഇവിടേക്കായിരുന്നു. റോഡിനപ്പുറം ബ്രംപുരിയിലേക്കു പോവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വിലക്കി. “വലിയ പ്രശ്നമാണവിടെ” -അവർ മുന്നറിയിപ്പുനൽകി. ആകാശത്തുയർന്ന പുക നോക്കി ആശങ്കപ്പെട്ടു നിൽക്കുകയാണ് റോഡിനിരുവശവുമുള്ള വീടുകളിലെ താമസക്കാർ. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതി നിഴലിച്ച മുഖങ്ങൾ. ചീറിപ്പാഞ്ഞടുത്ത അഗ്നിരക്ഷാവണ്ടികളും അർധസൈനികരും പോലീസ് വാഹനങ്ങളുമൊക്കെ റോഡിലെ കാഴ്ചകളായി. സംഘർഷസ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകുന്ന ചില കുടുംബങ്ങളെ സിലംപുരിൽ കണ്ടു. ജാഫറാബാദിലേക്കുള്ള റോഡിൽ മാധ്യമപ്രവർത്തകർക്കൊപ്പം കൂടിനിന്നവരെ പോലീസ് വിരട്ടിയോടിച്ചു. അവിടെനിന്നു മടങ്ങുമ്പോഴും ഗലികളിലെ തെരുവുയുദ്ധത്തിൽ കത്തിയമർന്ന വാഹനങ്ങളുടെയും കടകളുടെയും കറുത്തപുക അടങ്ങിയിരുന്നില്ല. Content Highlights:Delhi violence North East Delhi


from mathrubhumi.latestnews.rssfeed https://ift.tt/2VnrZ0M
via IFTTT