കൊല്ലം: മകളെ കാണാനില്ലെന്നറിഞ്ഞ് മസ്കറ്റിൽനിന്ന് വെള്ളിയാഴ്ച പലർച്ചെയാണ് അച്ഛൻ പ്രദീപ്കുമാർ എത്തിയത്. ഭാര്യ ധന്യയുടെ അടുത്തേക്ക് ഓടിയെത്തിയ പ്രദീപ് ആദ്യം കേട്ടത് മകളുടെ ശരീരം വീടിനു വിളിപ്പാടകലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയെന്ന വിവരമാണ്. പ്രദീപിനെയാണ് മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിച്ചത്. ആറിന്റെ കരയിലെത്തി മകളെ കണ്ട പ്രദീപ് നിലവിളിയോടെ പിന്നിലേക്ക് ബോധമറ്റു വീണു. വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ. എന്നും വിളിക്കുമായിരുന്നു...-പ്രദീപ് വിതുമ്പി. വാക്കുകൾ മുറിഞ്ഞു. ചുണ്ടുകൾ വിറച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മകളുടെ ശരീരം കൊണ്ടുവരുന്നതും കാത്ത് അയൽവീട്ടിലിരിക്കവെ അച്ഛൻ പ്രദീപിന് പലപ്പോഴും നിലതെറ്റി. മകളുടെ വാശി അംഗീകരിച്ച് വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയമകൻ നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല പൊന്നുവിന്റെ വിയോഗം. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എൻ.കെ.പ്രേമചന്ദ്രൻ എം.പി., ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, പ്രതാപവർമ തമ്പാൻ, എ.എ.അസീസ്, ഷാനവാസ്ഖാൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പിന്നീട് വാക്കനാട്ടേക്ക് കൊണ്ടുപോയ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന സരസ്വതി വിദ്യാമന്ദിർ സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. അന്ന് അവൾ അമ്മയെ കബളിപ്പിച്ചു... മുൻപൊരിക്കൽ ദേവനന്ദയെന്ന പൊന്നു അമ്മയെയൊന്ന് കബളിപ്പിച്ചിട്ടുണ്ട്. കുടവട്ടൂരിലെ വീട്ടിൽെവച്ചാണ് സംഭവം. അമ്മ കാണാതെ അവൾ മാറിനിന്നു. അല്പദൂരം നടന്നുപോയി. കുഞ്ഞിനെ തിരക്കിയ ധന്യ നന്നേ വിഷമിച്ചു. പക്ഷേ അധികം വൈകാതെ കുഞ്ഞിനെ കണ്ടെത്തി. അന്ന് ധന്യ മകളെ ഉപദേശിച്ചു, ഇനി ഒരിക്കലും ഇങ്ങനെ കളിക്കരുതെന്ന്. പിന്നീട് ഒരിക്കൽപ്പോലും കുട്ടി മുതിർന്നവരോട് പറയാതെ എങ്ങോട്ടും പോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അധ്യാപകരും ഇത് ശരിവെക്കുന്നു. നേരത്തേ കബളിപ്പിച്ചതുപോലെ മകൾ ഒളിച്ചിരിക്കണമേയെന്നായിരുന്നു ധന്യയുടെ പ്രാർഥന. ആ പ്രതീക്ഷയിലായിരുന്നു ആദ്യമണിക്കൂറുകളിൽ ആ അമ്മ. സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയെ കാണാതായ വീഡിയോ പ്രചരിപ്പിച്ചപ്പോഴും ധന്യ പ്രതീക്ഷയിലായിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. ദേവനന്ദയെ കാണാതായ വിവരം മണിക്കൂറുകൾക്കുള്ളിൽ നാടാകെ പരക്കുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ കാണിച്ച ധൈര്യം പക്ഷേ ചോർന്നുപോയി. മരണവാർത്തയറിഞ്ഞതോടെ അവർ അലമുറയിട്ടു. Content Highlights:Devananda child death, Kollam, Kerala, father pradeep, child missing case Kerala
from mathrubhumi.latestnews.rssfeed https://ift.tt/2TngVOU
via
IFTTT