Breaking

Saturday, February 29, 2020

ഡല്‍ഹി കലാപം: 148 എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തു, 630 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 148 എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. കേസുകളുടെ അന്വേഷണം ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. അക്രമവുമായി ബന്ധപ്പെട്ട് 148 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും 630 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് വക്താവ് അറിയിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളിൽ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റർ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു. ഇതിനിടയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. വെള്ളിയാഴ്ച നാലു പേർ മരിച്ചതായി ആരോഗ്യവകുപ്പ്സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 38 ആയിരുന്നു. എന്നാൽ മരിച്ചവരിൽ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കലാപത്തിനുശേഷം നാലുദിവസം പിന്നിടുന്നതോടെ വടക്കുകിഴക്കൻ ഡൽഹിയിലെ പ്രശ്ന പ്രദേശങ്ങൾ പുറമേയെല്ലാം ശാന്തമാണ്. വെള്ളിയാഴ്ച കർഫ്യൂവിൽ ഇളവുവരുത്തിയതോടെ ചിലയിടങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങളോടി. റോഡുകളിൽ കുമിഞ്ഞുകൂടിയ കലാപത്തിന്റെ അവശിഷ്ടങ്ങൾ മുനിസിപ്പൽ ജീവനക്കാർ ട്രക്കുകളിൽ നീക്കുന്നതിനും വൈദ്യുതിജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജാഫ്രാബാദ്, മൗജാപുർ, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജൻപുര, കബീർ നഗർ, ബാബർപുര, സീലാംപുർ തുടങ്ങിയ പ്രശ്നമേഖലകളിൽ ഡൽഹി പോലീസിനു പുറമേ ഏഴായിരത്തോളം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയുംവേഗം സമാധാനം വീണ്ടെടുക്കുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യമെന്ന് ജോയന്റ് കമ്മിഷണർ ഒ.പി. മിശ്ര കലാപബാധിത പ്രദേശമായ ചാന്ദ്ബാഗിൽവെച്ച് മാതൃഭൂമിയോട് പറഞ്ഞു. Content Highlights: Delhi violence: 148 FIRs have been registered and 630 people are arrested


from mathrubhumi.latestnews.rssfeed https://ift.tt/2I7Lra1
via IFTTT