ഈരാറ്റുപേട്ട (കോട്ടയം): വെള്ളത്തിന്റെ പേരിൽ ഈ നാട്ടിൽ യുദ്ധമല്ല, സാഹോദര്യമാണുള്ളത്. സ്വന്തം ഭൂമിയിലെ കിണർവെള്ളം മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ച മൂന്നു കുടുംബങ്ങളെ കാണാം ഇവിടെ ഈരാറ്റുപേട്ടയിൽ. കിണറ്റിലെ കുടിവെള്ളം പങ്കുവെക്കുന്നതിൽ ആദ്യം മാതൃകയായത് ഈരാറ്റുപേട്ട മാങ്കുഴക്കൽ പരേതനായ അലി സാഹിബ്. നാട്ടുകാരായ കണ്ടത്തിൽ കെ.എം. മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്പി ഹാജിയും ഇന്ന് ഇതേ പാത പിൻതുടരുകയാണ്. പതിറ്റാണ്ടുകൾക്ക് മുന്പ് മാങ്കുഴക്കൽ വീട്ടിൽ കിണർ കുഴിച്ച നാൾമുതൽ നാട്ടുകാർക്ക് ആ കിണർവെള്ളമായിരുന്നു ആശ്രയം. അതുകൊണ്ട് വർഷങ്ങൾക്ക് മുന്പ് ഭൂസ്വത്തുക്കൾ മക്കളുടെ പേരിൽ എഴുതിവെക്കുമ്പോഴും കിണർനിന്ന ഭാഗംമാത്രം ആരുടെ പേരിലും എഴുതിച്ചേർത്തില്ല അലി സാഹിബ്. കുട്ടിക്കാലം മുതൽ നാട്ടുകാരുടെ ആശ്രയമായ കിണർ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനിന്നും മാറ്റമില്ല. എൺപതോളം മോട്ടോറുകളുണ്ട് ഈ കിണറിൽ. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിലേക്കാണ് വെള്ളമെത്തുന്നത്. സത്യത്തിൽ കിണർ ഇപ്പോൾ നാട്ടുകാരുടേതാണ്! മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്പി ഹാജിയുടെയും കിണറുകളിലുമുണ്ട് കാരുണ്യത്തിന്റെ കുളിർവെള്ളം. അതും നാട്ടുകാർക്കുതന്നെ. കണ്ടത്തിൽ കിണറിൽ 20-ഉം ചെറിയവല്ലം കിണറ്റിൽ 25-ഉം മോട്ടോറുകൾ സമീപവാസികളുടേത്! ആർക്കും വെള്ളമെടുക്കാം, കിണർ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രം. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ. അരമണിക്കൂർ കാത്തിരുന്നാൽ ഒരുടാങ്കിലേക്കുള്ള വെള്ളം വീണ്ടുംകിണറ്റിലെത്തിയിരിക്കും. പ്രായാധിക്യത്താൽ വീടുകളിൽ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്പി ഹാജിയും. അപ്പോഴും തങ്ങളുടെ കിണറിൽനിന്ന് വെള്ളം പല വീടുകളിലെത്തി ദാഹമകറ്റുന്നതറിയുമ്പോൾ മനസ്സിൽ ചെറുചിരി വിടരുന്നു. ജലംപോലെ ശുദ്ധമായ സ്നേഹത്തിന്റെ ചിരി. Content Highlights:Great model from Erattupetta, the family shared the drinking water at the well
from mathrubhumi.latestnews.rssfeed https://ift.tt/2Tmfb8j
via
IFTTT