പനമരം (വയനാട്): കൊല്ലം നെടുമ്പന ഇളവൂരിലെ ദേവനന്ദയെപ്പോലെ ഏഴുമാസം മുമ്പ് അപ്രത്യക്ഷയായതാണ് പനമരം പരിയാരം പൊയിൽ ആദിവാസി കോളനിയിലെ ബാബുവിന്റെയും മിനിയുടെയും മകൾ ദേവിക എന്ന ഒന്നരവയസ്സുകാരി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിന്റെ മുറ്റത്തേക്ക് എന്നെങ്കിലും അവൾ പിച്ചവെച്ച് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ബാബുവും കുടുംബവും ഇപ്പോഴും കഴിയുന്നത്. പക്ഷേ, പ്രാർഥനകളും തിരച്ചിലും ഏഴുമാസം പിന്നിട്ടിട്ടും അവളിപ്പോഴും കാണാമറയത്തുതന്നെ. കഴിഞ്ഞ വർഷം ജൂലായ് 28-ന് വൈകുന്നേരം മൂന്നു മണിയോടെയാണ് കുഞ്ഞിനെ കോളനിയിലെ വീട്ടിൽനിന്ന് കാണാതായത്. മൂന്നുദിവസം പലയിടത്തായി തിരഞ്ഞു. കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല കുട്ടിക്ക് എന്ത് പറ്റിയെന്നുപോലും ഇനിയും വ്യക്തമായിട്ടില്ല. പനമരം പോലീസ് അന്വേഷണം തുടരുന്നുണ്ടെന്നു പറയുന്നുവെങ്കിലും ഒരു പുരോഗതിയുമില്ല. സംഭവദിവസം ഉച്ചകഴിഞ്ഞ് കുട്ടിയെ അടുത്ത വീട്ടിലെ സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച് അമ്മ മിനി വിറക് ശേഖരിക്കാൻ പോയിരുന്നു. ആ സമയത്ത് കോളനിവാസികൾ ഒരുമിച്ച് മൊബൈൽ ഫോണിൽ സിനിമ കാണുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീടിനോട് ചേർന്നുള്ള പരിസരങ്ങളിൽ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല. തുടർന്ന് പനമരം പോലീസിൽ വിവരമറിയിച്ചു. ഒരു രാത്രിയും രണ്ട് പകലും നാടൊന്നിച്ച് തിരഞ്ഞു. കോളനിയുടെ തൊട്ടടുത്താണ് പനമരം വലിയ പുഴ. അമ്മയെ തിരഞ്ഞ് കുട്ടി പുഴയിലേക്ക് പോയ സമയത്ത് അപകടത്തിൽപ്പെട്ടിരിക്കാം എന്നായിരുന്നു സംശയം. ഈ നിഗമനത്തിലായിരുന്നു പിന്നീട് തിരച്ചിൽ പുരോഗമിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ പുഴയിലാകെ തിരഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. പനമരം പുഴ ഒഴുകിയെത്തുന്നത് പുല്പള്ളിയിലും അവിടുന്ന് കർണാടകയിലുമാണ്. ഇവിടത്തെ പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകി അന്വേഷിച്ചെങ്കിലും അതും ഫലം ചെയ്തില്ല. സംശയമുള്ളവരെ പനമരം പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലും തുമ്പൊന്നും ലഭിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിലും നാട്ടുകാരും കോളനിവാസികളും തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ നാട്ടുകാരിൽ പല തരത്തിലുമുള്ള സംശയങ്ങളും ജനിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയതാണോ എന്ന ആശങ്കയും പ്രചരിച്ചു. ചെറിയ കുട്ടി ആയതിനാൽ പുഴയിൽ അകപ്പെടാൻ സാധ്യതയില്ലെന്നും മറ്റെന്തെങ്കിലും അപകടം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നുമാണ് ഇപ്പോഴും ദേവികയുടെ ബന്ധുക്കൾ പറയുന്നത്. അധികാരികൾ തിരച്ചിൽനിർത്തി പോയെങ്കിലും കാണാതെപോയത് ഞങ്ങളുടെ മകളെയാണ്, അതുകൊണ്ട് ഞങ്ങൾക്ക് തിരയാതിരിക്കാനാവില്ലെന്ന് അമ്മ മിനി കണ്ണീരോടെ പറയുന്നു. ഇപ്പോഴും എല്ലായിടത്തും കുട്ടിയെ തിരയുന്നുണ്ട്. പക്ഷേ, ഒരു കാര്യവുമില്ലെന്നും മിനി പറഞ്ഞു. മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബമെന്ന് വാർഡ് എസ്.ടി. പ്രൊമോട്ടർ ടി.പി. രാധാകൃഷ്ണൻ പറഞ്ഞു. പരിയാരം പൊയിൽ ആദിവാസി കോളനിയിൽ ആറ് കുടുംബങ്ങളാണുള്ളത്. പട്ടികവർഗവകുപ്പ് നാലുവർഷം മുമ്പ് അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. Content Highlights:Devika missing case, child missing case in Kerala, investigation, Panamaram Wayanad
from mathrubhumi.latestnews.rssfeed https://ift.tt/2wbA7aq
via
IFTTT