Breaking

Thursday, February 27, 2020

നാട്ടിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് മടക്കാൻ ശ്രമിച്ച വനപാലകൻ കുത്തേറ്റ്‌ മരിച്ചു

റാന്നി (പത്തനംതിട്ട): നാട്ടിലിറങ്ങി ഒരാളെ ആക്രമിക്കുകയും ജനത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ വനത്തിലേക്ക് മടക്കാൻ ശ്രമിക്കുന്നതിനിടയിൽ വനപാലകനെ കാട്ടാന കുത്തിക്കൊന്നു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ ളാഹ ആഞ്ഞിലിമൂട്ടിൽ എ.എസ്.ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കടുമീൻചിറ കട്ടിക്കല്ല് കുന്നുംപുറത്ത് കെ.പി.പൗലോസ്(രാജൻ-62) റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാന നാട്ടിലിറങ്ങിയതറിഞ്ഞ് ബിജു അടക്കമുള്ള വനപാലകസംഘം ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കട്ടിക്കല്ലിലെത്തിയത്. വനത്തിലേക്ക്് ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടാന ബിജുവിനെ കുത്തിവീഴ്ത്തിയത്. ബിജുവിനെ റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാനകൾ എത്തിെയന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഒന്നിനെ മാത്രമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് പൗലോസിനെ കാട്ടാന ആക്രമിച്ചത്. സ്വന്തം റബ്ബർമരങ്ങൾ ടാപ്പിങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. തുടർന്ന് റാന്നി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. പിന്നീട് ഒന്നരയോടെ മടന്തമൺ-ചെമ്പനോലി റോഡിൽ വാറുചാലിൽ കത്തോലിക്കാ പള്ളിക്കു സമീപം പാറകൾ നിറഞ്ഞ റബ്ബർത്തോട്ടത്തിൽ ആനയെ കണ്ടെത്തി. ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടർന്ന് ആന മുന്നോട്ടോടി. നിമിഷങ്ങൾക്കുള്ളിൽ വനപാലകർക്കുനേരേ ഇത് പാഞ്ഞെത്തുകയായിരുന്നു. ഓടിയെത്തിയ ആന ബിജുവിനെ കുത്തിവീഴ്ത്തി. നെഞ്ചിനു താഴെയായാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന വനപാലകർ ഓടിരക്ഷപ്പെടുകയായിരുന്നു. ആന ഇവിടെനിന്ന് മാറിയപ്പോൾ വനപാലകർ ഓടിയെത്തി ബിജുവിനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടുമണിയോടെ കാട്ടാനയെ തിരികെ കാട്ടിലേക്ക് മടക്കി. കട്ടിക്കല്ലിൽ റോഡ് മുറിച്ചുകടന്നുപോകുന്നതിനിടയിൽ ഇതുവഴിയെത്തിയ ബൈക്ക് ആന തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെട്ടു. നദിയിലിറങ്ങിയ ആന അല്പനേരം അവിടെത്തന്നെ നിന്നു. പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. പന്പാനദിക്ക് മറുകരയിലുള്ള വനത്തിൽനിന്ന് വെള്ളം കുടിക്കാൻ പതിവായി കാട്ടാനകൾ ഇവിടെ നദിയിലേെക്കത്താറുണ്ട്. രാജു ഏബ്രഹാം എം.എൽ.എ., ജില്ലാ കളക്ടർ പി.ബി.നൂഹ്, സി.സി.എഫ്. വിജയാനന്ദ്, പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ് ഫീൽഡ് ഡയറക്ടർ അനൂപ്, ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഹാബി, ഡി.എഫ്.ഒ.മാരായ എസ്.ഉണ്ണിക്കൃഷ്ണൻ, ശ്യാം മോഹൻലാൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. അനിലയാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കൾ: ബിജില (പെരുനാട് ഹൈസ്കൂൾ വിദ്യാർഥിനി), അലങ്കൃത (ഒന്നരവയസ്സ്). Content Highlights:Forest Watcher Killed In Elephant Attack In Ranni


from mathrubhumi.latestnews.rssfeed https://ift.tt/3cbZN7f
via IFTTT