Breaking

Thursday, February 27, 2020

ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്നതിൽ നിസ്സംഗത കാണിച്ച പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റി. ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അർദ്ധരാത്രിയോടെ സർക്കാർ പുറത്തിറക്കി. നേരത്തേയുള്ള കൊളീജിയം ശുപാർശ പ്രകാരം പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചായിരിക്കും. അദ്ദേഹം അവധിയായതിനാൽ ബുധനാഴ്ച കേസ് പരിഗണിച്ചത് ജസ്റ്റിസ് എസ്. മുരളീധർ അധ്യക്ഷനായ ബെഞ്ചായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം ഫെബ്രുവരി 12-നാണ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി ശുപാർശ അംഗീകരിച്ച് സ്ഥലംമാറ്റത്തിന് ഉത്തരവിടുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം പറയുന്നത്. മുരളീധറിനെ സ്ഥലംമാറ്റാനുള്ള ശുപാർശ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡൽഹി ബാർ അസോസിയേഷൻ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു. രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് മുരളീധർ പറയുകയുണ്ടായി. അക്രമം ചെറുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, അഭയ് വർമ, പർവേശ് വർമ എന്നീ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. Content Highlights:Justice Muralidhar transferred to Punjab & Haryana HC


from mathrubhumi.latestnews.rssfeed https://ift.tt/3cc3z0p
via IFTTT