Breaking

Wednesday, February 26, 2020

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ 1.70 കോടി മുൻകൂർ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിക്കിടെയും പവൻ ഹംസിൽനിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ 1.70 കോടി രൂപ മുൻകൂർ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുൻകൂർ വാടക ലഭിച്ചാലേ കരാറുമായി മുന്നോട്ടുള്ളൂവെന്ന പവൻഹംസിന്റെ നിലപാടിനെത്തുടർന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 1.446 കോടി രൂപയും 18 ശതമാനം ചരക്ക്-സേവന നികുതിയുമാണ് ഹെലികോപ്റ്ററിന്റെ മാസവാടക. പവൻഹംസിന്റെ എ.എസ്. 365 ഡൗഫിൻ എൻ ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്.ടെൻഡർ വിളിക്കാതെ പവൻഹംസിൽനിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചതും ഉയർന്നവാടകയും നേരത്തേ വിവാദമായിരുന്നു. ബെംഗളൂരു കേന്ദ്രമായ ഒരു കമ്പനി പവൻഹംസ് നൽകുന്ന നിരക്കിൽ മൂന്നുഹെലികോപ്റ്ററുകൾ നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പൊതുമേഖലാസ്ഥാപനമായ പവൻഹംസിൽനിന്നുതന്നെ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഹെലികോപ്റ്റർ സർക്കാരിന് മാസത്തിൽ 20 മണിക്കൂർ പറപ്പിക്കാം. അതിലേറെ പറന്നാൽ ഓരോ മണിക്കൂറിനും 67,926 രൂപ വീതം നൽകണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശ പരിശീലനം നേടിയ രണ്ടുപൈലറ്റുമാരെയാണ് പവൻഹംസ് ഒരു ഹെലികോപ്റ്ററിൽ നിയോഗിക്കുന്നത്. വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്റർ പോലീസിന്റെ അധീനതയിലായിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2w2cIIq
via IFTTT