Breaking

Thursday, February 27, 2020

ആദിവാസി യുവതിക്ക്‌ വഴിയരികിൽ പ്രസവം

പുനലൂർ : പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് വരുംവഴി ആദിവാസി യുവതി റോഡരികിൽ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ആൺകുഞ്ഞിന് ജന്മംനൽകി. അച്ചൻകോവിൽ ഗിരിജൻ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അഞ്ചരയോടെയാണ് സുജിതയ്ക്ക് പ്രസവവേദന തുടങ്ങിയത്. വിവരമറിഞ്ഞ് ഭർത്താവ് അനന്തുവും ബന്ധുക്കളും പ്രൊമോട്ടർ കെ.ശൈലജയും ചേർന്ന് ജീപ്പിൽ ചെങ്കോട്ടവഴി ആശുപത്രിയിലേക്ക് പുറപ്പെട്ടു. പള്ളിവാസലിൽ എത്തിയപ്പോഴേക്കും വേദന കലശലായി. സുജിതയുടെ ആവശ്യപ്രകാരം ജീപ്പിൽനിന്ന് പുറത്തിറക്കി തൊട്ടടുത്ത് ബന്ധുവീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് വീട്ടുമുറ്റത്ത് പ്രസവിച്ചത്. സമയം അപ്പോൾ ഏഴേമുക്കാലായിരുന്നു. പിന്നീട് അച്ചൻകോവിലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് നഴ്സിനെ വരുത്തി പൊക്കിൾക്കൊടി മുറിച്ച് പ്രാഥമിക പരിചരണവും നൽകിയശേഷം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രൊമോട്ടർക്കൊപ്പം സുജിത താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മടങ്ങി വീട്ടിലെത്തിയശേഷമാണ് പ്രസവവേദന അനുഭവപ്പെട്ടത്. സുജിതയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവം വീട്ടിലായിരുന്നു. അന്ന് പിറന്ന പെൺകുട്ടിക്ക് മൂന്നുവയസ്സുണ്ട്. അച്ചൻകോവിലിൽനിന്നുള്ള ആദിവാസി പെൺകുട്ടികൾ യാത്രാമധ്യേ പ്രസവിച്ച സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. രണ്ടരമണിക്കൂറിലേറെ യാത്രചെയ്താലേ പുനലൂരിൽ എത്താനാകൂ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് അച്ചൻകോവിലിനുവേണ്ടി ആംബുലൻസ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. Content Highlights:aadivasi tribal woman gives birth on road, Punalur


from mathrubhumi.latestnews.rssfeed https://ift.tt/3ca6nLr
via IFTTT