Breaking

Thursday, February 27, 2020

ബാലാകോട്ട് ആക്രമണത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി മലയാളി എയർമാർഷൽ

ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ അതിന്റെ അണിയറക്കഥകളും ഭദ്രമായി സൂക്ഷിച്ച രഹസ്യങ്ങളും ചുരുളഴിച്ച് മുൻ എയർമാർഷൽ സി. ഹരികുമാർ. മലയാളിയായ ഹരികുമാർ തലവനായിരുന്ന വ്യോമസേനയുടെ പശ്ചിമകമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ബാലാകോട്ട് വ്യോമാക്രമണം.‘‘പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നമ്മുടെ നാൽപ്പത് സി.ആർ.പി.എഫ്. ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫെബ്രുവരി 15-നുതന്നെ പ്രധാനമന്ത്രി മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അന്നുതന്നെ പശ്ചിമകമാൻഡാസ്ഥാനത്ത് വ്യോമസേനാ മേധാവിയെത്തി എന്തെല്ലാം ചെയ്യാമെന്ന് വിലയിരുത്തി”- എയർമാർഷൽ ഹരികുമാർ പറഞ്ഞു.‘‘18-നുതന്നെ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ആവശ്യമായ വിവരങ്ങൾ തന്നു. നല്ല ചിത്രങ്ങൾ, ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ..., നമ്മുടെ ആകാശനിരീക്ഷണസംവിധാനങ്ങളും നിരീക്ഷണ ഉപഗ്രഹങ്ങളും അതെല്ലാം ഒന്നുകൂടി ഉറപ്പാക്കിത്തരുകയും ചെയ്തു”.ദൗത്യത്തിന് ഏതുവിമാനം ഉപയോഗിക്കണമെന്നായി അടുത്ത ആലോചന. ‘മിറാഷ്’ തിരഞ്ഞെടുക്കാൻ കാരണമുണ്ടായിരുന്നു. നിയന്ത്രണരേഖയിൽനിന്ന് അമ്പത് കിലോമീറ്ററെങ്കിലും അപ്പുറത്താണ് ലക്ഷ്യസ്ഥാനം. സ്‌പൈസ്, ക്രിസ്റ്റൽ മേസ് ബോംബുകൾ ഒരുപോലെ വഹിക്കാൻ മിറാഷിനല്ലാതെ മറ്റെന്തിനാവും! സത്യത്തിൽ ഏറ്റവും വലിയ ദൗത്യം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കലായിരുന്നു. ഒന്നുറക്കെ സംസാരിച്ചാൽപ്പോലും രഹസ്യം ചോരാം. ഞങ്ങളാരും ഒന്നും ഫോണിൽ സംസാരിച്ചില്ല. സംഭാഷണം മുഖത്തോടുമുഖം മാത്രം. ഓരോരുത്തരും അവരറിയേണ്ട കാര്യങ്ങൾ മാത്രമറിഞ്ഞു. മുഴുവൻ ചിത്രം ആർക്കും നൽകിയില്ല. ഗ്വാളിയോറിൽനിന്ന് മിറാഷ് വിമാനങ്ങൾ നേരത്തേ ഡൽഹിയിലെത്തിക്കാൻ ഞങ്ങൾ മുതിർന്നില്ല. അത് ആക്രമണം നടത്തേണ്ട സമയത്തുമാത്രം എത്തിച്ചു.രഹസ്യം സൂക്ഷിക്കാൻ മറ്റൊരു വഴികൂടി കണ്ടു. ആർക്കും സംശയം തോന്നാതിരിക്കാൻ അതുവരെ പതിവായിരുന്ന കാര്യങ്ങളെല്ലാം അതുപോലെ തുടർന്നു. എന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട പരിപാടികൾപോലും അതുപോലെ തുടർന്നു. 39 വർഷത്തെ എന്റെ സർവീസ് ഫെബ്രുവരി 28-ന് അവസാനിക്കുകയായിരുന്നു. ദൗത്യം ഫെബ്രുവരി 26-ന് ആക്കാമെന്ന് വെച്ചു. അന്ന് എന്റെ പിറന്നാളാണ്. എയറോ ഷോ കഴിഞ്ഞിട്ടുമതി എന്നുകൂടി കണക്കാക്കി. ധാരാളം വിദേശികൾ ഇവിടെയുണ്ടാവുന്ന സമയമാണത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ 26-ന് തന്നെ. അല്ലെങ്കിൽ ഒരുദിവസം കഴിഞ്ഞ്. അതായിരുന്നു അവസാന തീരുമാനം.അവരുടെ റഡാർ പരിധിയിൽ നമ്മൾ ഒരു 12 മിനിറ്റ് വരാൻ സാധ്യതയുണ്ടായിരുന്നു. പക്ഷേ, എന്തെങ്കിലും ഒരു തിരിച്ചടിയുണ്ടായാൽ അതിനെ മറികടക്കാൻ തക്ക വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നു. പുലർച്ചെ 3.28-നായിരുന്നു നിശ്ചയിച്ച സമയം. 3.05-ന് പാകിസ്താന്റെ രണ്ട് എഫ്-16 വിമാനങ്ങൾ കിഴക്ക് പടിഞ്ഞാറേ ആകാശത്ത് മുറിദിന് മുകളിലായി സുരക്ഷാവലയം തീർത്തതായി ശ്രദ്ധയിൽപ്പെട്ടു. പക്ഷേ, അവ പെട്ടെന്നുതന്നെ പിന്തിരിഞ്ഞു. നമ്മൾ ഉദ്ദേശിച്ചത് നടപ്പാക്കുകയും ചെയ്തു”ഒരു തിരിച്ചടി പ്രതീക്ഷിച്ച് ഞങ്ങൾ ജാഗ്രതാനിർദേശം നിലനിർത്തിയിരുന്നു. പാകിസ്താനിൽ നിന്ന് പ്രത്യാക്രമണമുണ്ടായ നിമിഷത്തിൽ ശ്രീനഗറിൽനിന്ന് രണ്ട് മിഗ് 21 വിമാനങ്ങളും ഉധംപുരിൽനിന്ന് രണ്ട് മിഗ് 29 വിമാനങ്ങളും ചീറിപ്പാഞ്ഞു. പാക് വിമാനങ്ങൾക്ക് ഒരിക്കലും അതിർത്തിയോ നിയന്ത്രണ രേഖയോ മറികടക്കാൻ കഴിഞ്ഞിട്ടില്ല. അവർ 11 തവണ ബോംബിട്ടു. ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒരു സുഖോയ് വിമാനം വെടിവെച്ചിട്ടു എന്നത് അവരുടെ വെറും ഭാവനമാത്രം’’.ബാലാകോട്ട് മിഷന് ‘ബന്ദർ’ എന്ന് പേരിട്ടതിന്റെ രഹസ്യംകൂടി എയർമാർഷൽ ഹരികുമാർ വെളിപ്പെടുത്തി. “അതൊരു കോഡ് വാക്കാണ്. ഫെബ്രുവരി ഇരുപത്തഞ്ചിന് എന്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള വിരുന്ന് അകാശ് മെസ്സിൽ നടക്കുന്നു. ചീഫ് (വ്യോമസേനാമേധാവി) എന്നെ ലോണിലേക്ക് വിളിച്ചു. ഒരുക്കങ്ങൾ പൂർത്തിയായോ എന്ന് അന്വേഷിച്ചു. പിന്നെ ഒരു കാര്യംമാത്രം പറഞ്ഞു. ദൗത്യം പൂർത്തിയായാൽ താങ്കൾ എന്നെ വിളിച്ച് ബന്ദർ എന്നുപറയുക. ദൗത്യം വിജയിച്ചു എന്ന് ഞാൻ മനസ്സിലാക്കും.”


from mathrubhumi.latestnews.rssfeed https://ift.tt/3a8gPBd
via IFTTT