Breaking

Wednesday, February 26, 2020

'ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ല'; മന്ത്രി ഐസക്കിനെതിരേ വിമർശവുമായി സി.പി.ഐ. ജില്ലാ സെക്രട്ടറി

ആലപ്പുഴ: കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പുമന്ത്രിയായ തോമസ് ഐസക് ഒന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്. കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. സംഘടിപ്പിച്ച 'രോഷാഗ്നി' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയ്ക്കുപോലും മന്ത്രി തയ്യാറാകാത്ത സ്ഥിതിയാണ്. നാലുവർഷംകൊണ്ട് നടപ്പിലാക്കാത്ത കയർ കമ്പനി അഞ്ചാംവർഷം നടപ്പിലാക്കുമെന്നാണ് ഐസക് ഇപ്പോൾ പറയുന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണ് കയർ കമ്പനി. കയർമേളനടത്തി ഓർഡറുകൾ ലഭിച്ചെന്ന് പറയുന്നതിലൊന്നും ഒരടിസ്ഥാനവുമില്ല. ആര്യാട്ടും ചേർത്തലയിലുമുള്ള സകല കയർഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. ചെറുകിട കയർ ഫാക്ടറികൾ എങ്ങും ചലിക്കുന്നുമില്ല. വിലയുമില്ല വേലയുമില്ല കൂലിയുമില്ല. പെൻഷനില്ലാതെ പരമ്പരാഗത കയർ ഫാക്ടറി തൊഴിലാളികൾ വലയുകയാണെന്നും ആഞ്ചലോസ് പറഞ്ഞു. കയർതൊഴിലാളികൾ നേരിടുന്ന പതിനെട്ടോളം അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. പവർഹൗസിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് കയർഉത്പന്നങ്ങൾ പ്രതീകാത്മകമായി കത്തിച്ചു. പി.വി.സത്യനേശൻ, എ.ശിവരാജൻ, അഡ്വ. വിമോഹൻദാസ്, എൻ.എസ്.ശിവപ്രസാദ്, എൻ.പി.കമലാധരൻ, എസ്.പ്രകാശൻ, ഇ.കെ.ജയൻ, ആർ.സുരേഷ്, ഡി.അനീഷ്, ജോഷി എബ്രഹാം, എം.ഡി.സുധാകരൻ, ആർ.ഉമയാക്ഷൻ, സി.വി.രാജീവ്, കെ.എൽ.ബെന്നി, കെ.എസ്.വാസൻ എന്നിവർ പ്രസംഗിച്ചു. Content Highlights:CPI criticizes minister Thomas Isaac


from mathrubhumi.latestnews.rssfeed https://ift.tt/2T1NqDb
via IFTTT