Breaking

Friday, February 28, 2020

കോവിഡ്-19ൽ പകച്ച് ലോകം മരണം 2800, ബാധിച്ചത് 81,200 പേരെ

ബെയ്ജിങ്/സോൾ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വൈറസ് വ്യാപിച്ചത് 47 രാജ്യങ്ങളിൽ. വ്യാഴാഴ്ചവരെ 81,200 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2800 പേർ മരിച്ചു. ചൈനയിൽ രോഗവ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും പശ്ചിമ, മധ്യേഷ്യൻ രാജ്യങ്ങളിലും രോഗബാധ കൂടിയത് ആശങ്ക വർധിപ്പിക്കുകയാണ്. ജർമനിയിലും യു.എസിലും വൈറസ് ബാധിതരുമായി ബന്ധപ്പെടാത്തവർക്കും രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്കാണ് ഈ രാജ്യങ്ങൾ നീങ്ങുന്നത്. എവിടെനിന്നാണ് വൈറസ് പുറപ്പെടുന്നതെന്ന് അറിയാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. പലവഴികളിലൂടെയും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന. യൂറോപ്പിൽ ഒമ്പതിലധികം രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ടുചെയ്തത്. ഡെൻമാർക്ക്, എസ്തോണിയ, നോർവേ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ആദ്യ വൈറസ് ബാധ കണ്ടെത്തി. ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ എന്നിവ കനത്ത ജാഗ്രതയിലാണ്. 'ഒരു വലിയ പ്രതിസന്ധിക്കു മുന്നിലാണ് നമ്മൾ. വലിയൊരു മഹാമാരി വരുന്നു. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ട്' എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യാഴാഴ്ച പറഞ്ഞത്. ജപ്പാൻ സ്കൂളുകൾ അടയ്ക്കുന്നു വൈറസ് ബാധിതർ കൂടിയതോടെ സ്കൂളുകൾ ഒരു മാസത്തേക്ക് അടയ്ക്കാൻ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസൊ ഉത്തരവിട്ടു. ചൈനയ്ക്കുപുറത്ത് ദേശവ്യാപകമായി സ്കൂളുകൾ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാൻ. രാജ്യത്ത് 186 പേർക്കാണ് വൈറസ് ബാധ. നാലുപേർ മരിച്ചു. യോക്കോഹാമയിൽ തടഞ്ഞിട്ട കപ്പലിൽ 700-ലധികം പേർക്കും രോഗം കണ്ടെത്തിയിരുന്നു. ഇതിൽ നാലുപേരും മരിച്ചു. ദക്ഷിണകൊറിയയിൽ രോഗികളുടെ എണ്ണം 1766 ആയി. കഴിഞ്ഞദിവസം 505 പേരിൽകൂടി വൈറസ് സ്ഥിരീകരിച്ചതായി ദക്ഷിണകൊറിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിൽ 115 പേരും തെക്കുകിഴക്കൻ നഗരമായ ദേഗുവിലാണ്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ദേഗുവിലാണ് 1100 കേസും റിപ്പോർട്ടുചെയ്തത്. രാജ്യത്ത് 13 പേരാണ് ഇതുവരെ മരിച്ചത്. ഇതേത്തുടർന്ന് യു.എസും ദക്ഷിണകൊറിയയും സംയുക്തമായി നടത്താനിരുന്ന സൈനികാഭ്യാസം റദ്ദാക്കി. ചൈനയിൽ കുറഞ്ഞു ചൈനയിൽ ബുധനാഴ്ച 29 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 2744 ആയി. 433 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ആകെ വൈറസ് ബാധിച്ചവർ 78,397 ആയി. ഇതുവരെ 32,495 പേർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. പാകിസ്താൻ നിരീക്ഷണം ശക്തമാക്കി ഇറാനിൽനിന്ന് കറാച്ചിയിലെത്തിയ രണ്ടുപേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ പാകിസ്താൻ കർശന ജാഗ്രതയിലാണ്. സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇറാനിൽ നിന്നോ ചൈനയിൽനിന്നോ തിരിച്ചെത്തിയവർ പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നെങ്കിൽ ഉടൻ അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവിഭാഗം പ്രത്യേക ഉപദേശകൻ ഡോ. സഫർ മിർസ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില ഗുരുതരമല്ല. യു.എസിൽ മൈക്ക് പെൻസിന് ചുമതല 60 പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ യു.എസ്. പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല വൈസ് പ്രസിഡന്റ് മൈക്ക് പെൻസിയെ ഏൽപ്പിച്ചു. ജനങ്ങൾക്ക് കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലിഫോർണിയ സംസ്ഥാനത്ത് കഴിഞ്ഞദിവസം അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ മരണം 26 245 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഇറാനിൽ വ്യാഴാഴ്ചയോടെ മരണം 26 ആയി. എന്നാൽ, പുറത്തുവന്നതിലും എത്രയോ അധികംപേർക്ക് വൈറസ് ബാധയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ആഗോള മഹാമാരി മുന്നറിയിപ്പെന്ന് ഓസ്ട്രേലിയ 22 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയയിലും അടിയന്തര പ്രതിരോധപ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തയ്യാറെടുക്കുന്നത്. ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ആഗോളമഹാമാരി മുന്നിൽക്കണ്ട് തയ്യാറെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Covid-19 death toll touches 2,800


from mathrubhumi.latestnews.rssfeed https://ift.tt/385YAej
via IFTTT