Breaking

Wednesday, February 26, 2020

ഡല്‍ഹി സംഘര്‍ഷത്തില്‍ മരണസംഖ്യ 17 ആയി; 50 പോലീസുകാര്‍ ഉള്‍പ്പടെ 180 പേര്‍ക്ക് പരിക്ക്‌

ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. 50 പോലീസുകാർ ഉൾപ്പടെ 180 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ നിരവധിപേർ ഗുരുതരാവസ്ഥയിലാണ്.പരിക്കേറ്റവരിൽ വലിയൊരു പങ്കിനും ശരീരത്തിൽ വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അർധരാത്രി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം സന്ദർശനം റദ്ദാക്കി ആഭ്യന്ത മന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തല യോഗം അദ്ദേഹം വിളിച്ച് ചേർക്കുകയുണ്ടായി. തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തുന്നതിന് മണിക്കൂറുകൾക്കുമാത്രം മുമ്പ്, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചു. മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24ഃ7 ന്യൂസ് റിപ്പോർട്ടർ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. എൻ.ഡി.ടി.വി.യുടെ രണ്ട് റിപ്പോർട്ടർമാരെ അക്രമികൾ ക്രൂരമായി തല്ലിച്ചതച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചുവരുകയാണെന്ന് ജോയന്റ് പോലീസ് കമ്മിഷണർ അലോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹി പോലീസിലെ ആയിരം പേർക്കു പുറമേ അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു. മൂന്നു ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ, ഡൽഹിയിൽ ക്രമസമാധാനച്ചുമതലയുള്ള സ്പെഷ്യൽ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്.എൻ. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചിട്ടുണ്ട്. സി.ആർ.പി.എഫിൽ നിന്നാണ് അദ്ദേഹത്തെ ഡൽഹി പോലീസിലേക്ക് മാറ്റിയത്. അടിയന്തരമായി ചുമതലയേൽക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കമ്മിഷണർ അമൂല്യ പട്നായിക് ശനിയാഴ്ച വിരമിക്കുമ്പോൾ ശ്രീവാസ്തവ ഡൽഹി പോലീസിന്റെ തലപ്പത്തെത്തിയേക്കും. Content Highlights:Delhi Violence-Today four persons were brought dead. Death toll rises to 17


from mathrubhumi.latestnews.rssfeed https://ift.tt/2vfgYUE
via IFTTT