ഉംറ തീർഥാടനം മുടങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങിയ തീർഥാടകർ ജിദ്ദ/കരിപ്പൂർ: കൊറോണ വൈറസ് (കോവിഡ്-19) ഗൾഫ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. മദീന സന്ദർശനത്തിനും വിലക്കുണ്ട്. തീർഥാടകരുടെ വിസയും റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തീർഥാടനത്തിന് പുറപ്പെടാനായി വിമാനത്തിൽ കയറിയ 234 തീർഥാടകരെ മടക്കിയയച്ചു. വിവിധ സ്വകാര്യ ഉംറ ഏജൻസികൾക്കുകീഴിൽ സൗദിക്കുപോകാനെത്തിയവർക്കാണ് അപ്രതീക്ഷിതമായി മടങ്ങിപ്പോകേണ്ടിവന്നത്. ഇറാനിലടക്കം കോവിഡ്-19 വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള സൗദിയുടെ സുപ്രധാന തീരുമാനം. നേരത്തേ കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വിസയ്ക്കും താത്കാലിക വിലക്കുണ്ട്. തൊഴിൽ, ബിസിനസ്, കുടുംബസന്ദർശക വിസകൾക്ക് വിലക്കില്ല. ഇക്കാര്യം സൗദി അറേബ്യൻ എയർലൈൻസ് വിവിധ ട്രാവൽ ഏജൻസികളെ അറിയിച്ചു. ഉംറ തീർഥാടനത്തിന് വിദേശയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. 1994-ൽ ഇന്ത്യയിൽ പ്ലേഗ് പടർന്നപ്പോൾ ഇവിടെനിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് സൗദി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മക്കയിലെ ഹറം നവീകരണസമയത്തും ഹജ്ജ് തീർഥാടകർക്ക് താത്കാലികനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉംറ വിസ നേടിയവർക്ക് വിളിക്കാം 00966-920002814 ഉംറ വിസ നേടിയവർ ഹജ്ജ്-ഉംറ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഗുണഭോക്തൃസേവന കേന്ദ്രത്തിന്റെ 00966-920002814 എന്ന നമ്പറിൽ വിളിക്കാം. mohcc@haj.gov.sa, hajcc@haj.gov.sa എന്നീ ഇ-മെയിലുകൾ വഴിയും ആശയവിനിമയം നടത്താം. നിറകണ്ണോടെ അവർ മടങ്ങി ഉംറ യാത്ര മുടങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പല തീർഥാടകരും മടങ്ങിയത് നിറകണ്ണോടെ. വ്യാഴാഴ്ച പുലർച്ചെ 4.45-നുള്ള ഇത്തിഹാദ് എയർ, അഞ്ചരയ്ക്കുള്ള സ്പൈസ് ജെറ്റ്, പതിനൊന്നരയ്ക്കുള്ള സൗദി എയർലൈൻസ് എന്നീ വിമാനങ്ങളിൽ പോകാനാണ് ഇവരെത്തിയത്. ഇത്തിഹാദ്, സ്പൈസ് ജെറ്റ് വിമാനങ്ങളിൽ തീർഥാടകർ കയറിയശേഷമാണ് വിസ റദ്ദാക്കിയ വിവരം അറിയുന്നത്. പലരും തീർഥാടനത്തിന്റെ ആദ്യഘട്ടമായ ഇഹ്റാം വസ്ത്രം ധരിക്കുകയും ചെയ്തു. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിന്റെ നിർദേശപ്രകാരം തീർഥാടകരെ പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റി. ഇവരെക്കൂടാതെ വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. സൗദി എയറിലും ഇതുതന്നെയായിരുന്നു അവസ്ഥ. വിസ റദ്ദാക്കിയ ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്ന ഇവർ തീർഥാടകരെ വിമാനത്തിൽ കയറ്റി. മുന്പുള്ള രണ്ടുവിമാനങ്ങളിലെയും യാത്രക്കാർ തിരിച്ചുപോയ വാർത്തയറിഞ്ഞതിനാൽ ഇഹ്റാം ധരിക്കാതെയാണ് തീർഥാടകർ വിമാനത്തിൽ കയറിയത്. പുറപ്പെടുന്നതിന് തൊട്ടുമുന്പാണ് അറിയിപ്പുണ്ടാകുന്നതും തീർഥാടകരെ വിമാനത്തിൽനിന്ന് പുറത്തിറക്കുന്നതും. Content Highlights:Saudi Arabia halts travel to Mecca, Medina over coronavirus
from mathrubhumi.latestnews.rssfeed https://ift.tt/3a42lT4
via
IFTTT